നെല്ലാട്: എറണാകുളം – തേക്കടി സംസ്ഥാന പാതയിലെ കിഴക്കമ്പലം – നെല്ലാട് റോഡില്‍ ബസ് മതിലിലിടിച്ച് തകര്‍ന്ന് യുവതിക്ക് പരിക്കേറ്റു. പരിക്കേറ്റ ബസ് യാത്രക്കാരിയായ യുവതിയെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകിട്ട് നാലോടെ നെല്ലാട് അമ്പലം ഭണ്ഡാരത്തിന് സമീപം ആലുവ – മൂവാറ്റുപുഴ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസാണ് നെല്ലാട് പറക്കുടിയില്‍ ജോര്‍ജിന്റെ വീടിന്റെ മതില് തകര്‍ത്ത് അപകടത്തില്‍പെട്ടത്.
എതിര്‍ദിശയില്‍ നിന്നെത്തിയ ബസില്‍ ഇടിക്കാതിരിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അപകടമുണ്ടായതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. റോഡിന്റെ വീതിക്കുറവ് മൂലം നെല്ലാട് മുതല്‍ മഞ്ചനാട് വരെയുള്ള ഭാഗത്ത് ഇതിനോടകം അന്‍പതിലധികം ചെറുതും വലുതുമായ അപകടങ്ങളാണ് സംഭവിച്ചിട്ടുള്ളത്. അടുത്തിടെ ഉന്നത നിലവാരത്തില്‍ ടാര്‍ ചെയ്ത റോഡില്‍ വാഹനപ്പെരുപ്പവും അമിതവേഗതയും വീതിയില്ലായ്മയുമാണ് നിരന്തരം അപകടങ്ങള്‍ക്ക് കാരണമാകുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.


















































