കോതമംഗലം: മാര്‍ അത്തനേഷ്യസ് കോളേജില്‍ സപ്തതി ആഘോഷങ്ങളുടെ സമാപന സമ്മേളനവും പുതിയ പ്രോഗ്രാമുകളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി വി.ഡി. സതീശന് നിര്‍വ്വഹിച്ചു. ബസേലിയോസ് പൗലോസ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍വെച്ച് നടന്ന ചടങ്ങിന് മാര്‍ അത്തനേഷ്യസ് കോളേജ് അസോസിയേഷന് ചെയര്മാന് ഡോ. മാത്യൂസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ഏഴ് പതിറ്റാണ്ടുകാലത്തെ അക്കാദമിക മികവിന്റെയും സാമൂഹ്യസേവനത്തിന്റെയും സ്മരണ പുതുക്കുന്ന സപ്തതി ആഘോഷങ്ങളുടെ സമാപനത്തോടൊപ്പം, പുതുതായി ആരംഭിച്ച ബി.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ് വിത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബി.എസ്.സി. ആക്ച്വറിയല്‍ സയന്‍സ്, ബി.എസ്.സി. മൈക്രോബയോളജി, എം.എസ്.സി. ഗ്രീന്‍ ഹൈഡ്രജന്‍ എനര്‍ജി എന്നീ കോഴ്സുകളുടെ ഔപചാരിക ഉദ്ഘാടനവും വേദിയില്‍ മുഖ്യമന്ത്രി നിര്‍വഹിച്ചു . എം.എസ്.സി. ഗ്രീന്‍ ഹൈഡ്രജന്‍ എനര്‍ജി പ്രോഗ്രാം ഇന്ത്യയില്‍ തന്നെ ആദ്യത്തെതാണ്. ബി.എസ്.സി. ആക്ച്വറിയല്‍ സയന്‍സിന്റെ, കേരളത്തിലെ ആദ്യത്തെ പ്രോഗ്രാമാണ് മാര്‍ അത്തനേഷ്യസ് കോളേജില്‍ തുടങ്ങിയത്. കൂടാതെ സുവോളജി, സ്റ്റാറ്റിസ്റ്റിക്സ്, ബോട്ടണി എന്നീ വിഭാഗങ്ങളില്‍ പുതുതായി സ്ഥാപിതമായ ഗവേഷണ കേന്ദ്രങ്ങളുടെ ഉദ്ഘാടനവും ഇതോടൊപ്പം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. അതോടെ പിന്നിട്ട 70 വര്‍ഷങ്ങളിലെ അക്കാദമിക പാരമ്പര്യത്തിന്റെ പ്രൗഢിയും പുതിയ ഗവേഷണ മേഖലകളിലേക്കുള്ള മുന്നേറ്റത്തിന്റെ ആഘോഷവും കൂടിയായി സപ്തതി സമാപന സമ്മേളനം മാറി.
പുതിയകാലത്തിന്റെ തൊഴില്‍ സാധ്യത തിരിച്ചറിഞ്ഞ് നൂതന പ്രോഗ്രാമുകളുമായി മുന്നേറുന്ന മാര്‍ അത്തനേഷ്യസ് കലാലയത്തെ അഭിനന്ദിച്ച മുഖ്യമന്ത്രി, അക്കാദമികരംഗവും തൊഴില്‍മേഖലയും തമ്മിലുള്ള വിടവ് നികത്താന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കഴിയണമെന്ന് ഓര്‍മ്മപ്പെടുത്തി. സപ്തതി സമാപന സമ്മേളനത്തില്‍ അസോസിയേഷന് സെക്രട്ടറി ഡോ. വിന്നി വര്‍ഗീസ് ആമുഖപ്രഭാഷണം നടത്തി. ഇടുക്കി എം.പി., അഡ്വ. ഡീന്‍ കുര്യാക്കോസ് , കോതമംഗലം എം.എല്‍.എ., ഷിബു തെക്കുംപുറം, , ഉടുമ്പന്‍ചോല എം.എല്‍.എ സേനാപതി വേണു എന്നിവര്‍ സംബന്ധിച്ചു. മാര്‍ അത്തനേഷ്യസ് കോളേജ് പ്രിന്‍സിപ്പല്‍ , ഡോ. മഞ്ജു കുര്യന്,?വൈസ് പ്രിന്‍സിപ്പല്‍ , ഡോ. എബി പി. വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
നൂതന ആശയങ്ങളും നൈപുണികളും സമന്വയിപ്പിച്ചുകൊണ്ട് 3 അന്തര്‍ദ്ദേശീയ കോണ്‍ഫറന്‍സുകള്‍, സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ സത്വ ഫെസ്റ്റ് എന്നിവ ഉള്‍പ്പെടെ വിവിധ പരിപാടികളാണ് ഒരു വര്‍ഷം നീണ്ടുനിന്ന സപ്തതി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചത്.
18 ബിരുദ ഓണേഴ്സ് പ്രോഗ്രാമുകള്‍ (14 എയ്ഡഡ്, 4 സെല്‍ഫ് ഫിനാന്‍സിങ്), 17 ബിരുദാനന്തര ബിരുദ പ്രോഗ്രാമുകള്‍ (8 എയ്ഡഡ്, 9 സെല്‍ഫ് ഫിനാന്‍സിങ്), ബേസിക് സയന്‍സസ് (ബയോളജി) ഒരു എയ്ഡഡ് ഇന്റഗ്രേറ്റഡ് പോസ്റ്റ്ഗ്രാജുവേറ്റ് പ്രോഗ്രാം, കൂടാതെ പി.എച്ച്.ഡി.യിലേക്ക് നയിക്കുന്ന 8 പ്രോഗ്രാമുകള്‍ (മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, ഇക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, കൊമേഴ്സ്) എന്നിവ മാര്‍ അത്തനേഷ്യസ് കോളേജ് നല്‍കുന്നുണ്ട്. നാഷണല്‍ ഇന്‍സ്റ്റിറ്റൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്കായ എന്‍.ഐ.ആര്.എഫില്‍ 2021 മുതല്‍ ഇന്ത്യയിലെ മികച്ച 100 കോളേജുകളില്‍ സ്ഥിരമായി റാങ്ക് ചെയ്യപ്പെട്ട എം.എ. കോളേജിന്, നാക് എ+ ഗ്രേഡാണ് ഉള്ളത്.



















































