മൂവാറ്റുപുഴ: മൊബൈല്‍ ടവറിലെ കോപ്പര്‍ കേബിളുകള്‍ മുറിച്ചെടുത്ത് മോഷണം നടത്തിയ പ്രതി പോലീസ് പിടിയില്‍. അസം സ്വദേശി മാസും അഹമ്മദ് (20) നെയാണ് മൂവാറ്റുപുഴ എസ്എച്ച്ഒ സുബിന് ബിജുവിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. മൂവാറ്റുപുഴ ശിവന്‍കുന്ന് ഭാഗത്ത് സ്ഥിതിചെയ്യുന്ന ഇന്ടസ് ടവേഴ്സിന്റെ മൊബൈല്‍ ടവറിലെ ഷെല്‍ട്ടര്‍ റൂമില്‍ അതിക്രമിച്ച് കയറിയ പ്രതി 90000 ഓളം രൂപ വില വരുന്ന കോപ്പര്‍ കേബിളുകള്‍ മുറിച്ചെടുത്ത് മോഷണം നടത്തുകയായിരുന്നു.
മുന്‍പും ഇയാള്‍ ടവറുകളില്‍ നിന്ന് കോപ്പര്‍ കേബിളുകള്‍ മോഷ്ടിച്ചിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. ടവറുകളില്‍ നിന്ന് കോപ്പര്‍ കേബിളുകള്‍ മുറിച്ച് മോഷണം ചെയ്തു കൊണ്ടു പോകുന്നത് തടയാന്‍ മൂവാറ്റുപുഴ ഡിവൈഎസ്പി കെ.ആര് മനോജിന്റെയും സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.എസ് ഫൈസലിന്റെയും നിര്‍ദ്ദേശാനുസരണം പോലീസ് ടവറുകള്‍ കേന്ദ്രീകരിച്ച് രാത്രികാല പട്രോളിംഗ് ശക്തമാക്കിയിരുന്നു.




















































