പോത്താനിക്കാട്: മീൻപിടിക്കാൻ തോട്ടിലിറങ്ങിയ ആൾ മുങ്ങിമരിച്ചു. പോത്താനിക്കാട് പുളിന്താനം പുക്കുന്നേൽ വർഗീസ് ജോസഫാണ് (വർക്കി–69) വീടിന് സമീപമുള്ള തോട്ടിൽ മുങ്ങിമരിച്ചത്. പുളിന്താനം -ആരിമറ്റം റോഡിനോട് ചേർന്ന പുളിന്താനം തോടിന്റെ ഭാഗത്ത് ശനിയാഴ്‌ച വൈകിട്ടാണ് അപകടമുണ്ടായത്. ഈ ഭാഗങ്ങളിൽ വർഗീസ് പതിവായി വലയിട്ട് മീൻപിടിച്ചിരുന്നു.
ശനിയാഴ്‌ച സന്ധ്യയായിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ഭാര്യ നടത്തിയ തിരച്ചിലിൽ ധരിച്ചിരുന്ന മുണ്ടും ചെരിപ്പും തോട്ടിൻകരയിൽ കണ്ടെത്തി. തുടർന്ന് പരിസരവാസികളെ വിവരമറിയിച്ചു. കല്ലൂർക്കാടുനിന്നുള്ള അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ രാത്രി പത്തോടെ തോട്ടിൽനിന്ന് മൃതദേഹം ലഭിക്കുകയായിരുന്നു.
ശക്തമായ മഴയെ തുടർന്ന് തോട്ടിലെ ജലനിരപ്പ് ഉയർന്നിരുന്നു. നല്ല കുത്തൊഴുക്കുമുണ്ടായിരുന്നു. വലയിൽനിന്ന് മീൻ എടുക്കുന്നതിനിടെ അപകടത്തിൽപ്പെട്ടതാകാമെന്നാണ് നിഗമനം. സംസ്കാരം ചൊവ്വാഴച് 12.30ന് പോത്താനിക്കാട് സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ. ഭാര്യ: എൽസി (മാരമംഗലം മാറാച്ചേരി പുത്തേത്ത് കുടുംബാംഗം). മക്കൾ: ബേസിൽ, അഞ്ജു. മരുമക്കൾ: ഫിയോണ, ഏലിയാസ്.



















































