കോതമംഗലം: പുതിയ അക്കാദമിക രംഗം ആവശ്യപ്പെടുന്നതിന്റെ മുന്നില്‍ നടന്നാണ് കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. മാര്‍ അത്തനേഷ്യസ് കോളേജിന്റെ സപ്തതി ആഘോഷങ്ങളുടെ സമാപന സമ്മേളനവും പുതിയ പ്രോഗ്രാമുകളുടെയും റിസര്‍ച്ച് സെന്ററുകളുടെയും ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി .
ലോകം മുഴുവന്‍ ഒരു വൈജ്ഞാനിക വിപ്ലവം നടക്കുന്ന കാലമാണിതെന്നും വല്ലാത്ത വേഗതയിലാണ് പുതിയ അറിവുകള്‍ ഉണ്ടാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുട്ടികള്‍ പഠിച്ചിറങ്ങുമ്പോള്‍ തന്നെ ജോലി കിട്ടുന്ന സാഹചര്യം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ സര്‍വകലാശാലകള്‍ക്കും കോളേജുകള്‍ക്കും കൂടുതല്‍ സ്വാതന്ത്ര്യം നല്‍കാന്‍ പോകുകയാണെന്നും, അതോടൊപ്പം പുതിയ കോഴ്‌സുകള്‍ തുടങ്ങാന്‍ അനുമതി നല്‍കുമെന്നും പറഞ്ഞു. സര്‍ക്കാരും എ.ഐ ഉപയോഗത്തിലേക്ക് കടക്കാന്‍ പോകുകയാണ്. ഫയലുകള്‍ തീര്‍പ്പാക്കാന്‍ എ.ഐ സഹായം ഉപയോഗിക്കും. അങ്ങനെയുള്ള സംവിധാനം മുഖ്യമന്ത്രിയുടെ ഓഫീസ് സജീകരിക്കുന്നുണ്ട്. ഇതിലൂടെ തീര്‍പ്പാക്കാന്‍ ബാക്കിയുള്ള ഫയലുകളുടെ എണ്ണം അടുത്ത വര്‍ഷം ഗണ്യമായി കുറയ്ക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ എംഎ കോളേജ് അസോസിയേഷന്‍ ചെയര്‍മാന്‍ ഡോ. മാത്യൂസ് മാര്‍ അപ്രേം അധ്യക്ഷത വഹിച്ചു. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി, എംഎ കോളേജ് അസോസിയേഷന്‍ സെക്രട്ടറി ഡോ. വിന്നി വര്‍ഗീസ്, എംഎല്‍എമാരായ ഷിബു തെക്കുംപുറം, സേനാപതി വേണു, എംഎ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മഞ്ജു കുര്യന്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. എബി പി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു
പുതിയ പ്രോഗ്രാമുകളായ ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഐ, ആക്ച്ചുറിയല്‍ സയന്‍സ്, മൈക്രോ ബയോളജി, എംഎസ്‌സി ഗ്രീന്‍ ഹൈഡ്രജന്‍ എനര്‍ജി, പുതിയ റിസര്‍ച്ച് സെന്ററുകളായ സൂവോളജി, സ്റ്റാറ്റിസ്റ്റിക്‌സ്, ബോട്ടണി എന്നിവയുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്. എം. എ. കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന സപ്തതി ആഘോഷ സമാപന സമ്മേളനത്തില്‍ കോതമംഗലത്തെ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, എം. എ. കോളേജ് അസോസിയേഷന്‍ ഗവെര്‍ണിംഗ ബോര്‍ഡ് അംഗങ്ങള്‍, ഷെയര്‍ ഹോള്‍ഡേഴ്സ്, മാര്‍ അത്തനേഷ്യസ് സ്ഥാപനങ്ങളിലെ അധ്യാപക -അനധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, മുന്‍ പ്രിന്‍സിപ്പല്‍മാര്‍, മുന്‍ അധ്യാപക -അനധ്യാപകര്‍, പൂര്‍വ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു




















































