കോതമംഗലം: തങ്കളം ട്രാഫിക് സിഗ്നലിലെ അപാകതകള്‍ അടിയന്തരമായി പരിഹരിച്ച് ഗതാഗത സംവിധാനം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് എഐവൈഎഫ് കോതമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജോയിന്റ് ആര്.ടി.ഒയ്ക്ക് നിവേദനം നല്കി. തങ്കളം ട്രാഫിക് സിഗ്നലില്‍ കാല്‍നടയാത്രക്കാര്‍ക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കുന്നതിനാവശ്യമായ സീബ്രാ ക്രോസിംഗ് നിലവിലില്ലാത്തത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. കൂടാതെ, ഫ്രീ ലെഫ്റ്റ് സംവിധാനത്തിലൂടെ കടന്നുപോകേണ്ട വാഹനങ്ങള്‍ക്കായി മാറ്റിവെച്ചിരിക്കുന്ന പാതയില്‍ നേരെ പോകേണ്ട വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് കാരണം ഫ്രീ ലെഫ്റ്റ് സംവിധാനം ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യവുമുണ്ട്.
ഇത്തരം അപാകതകള്‍ ഗതാഗതക്കുരുക്കിനും അപകടസാധ്യതകള്‍ക്കും കാരണമാകുന്നുണ്ട്. സീബ്രാ ക്രോസിംഗ് അടിയന്തരമായി സ്ഥാപിക്കുക, ഫ്രീ ലെഫ്റ്റ് പാതയിലെ തടസ്സങ്ങള്‍ ഒഴിവാക്കുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുക, ട്രാഫിക് സിഗ്നലിലെ സമയക്രമത്തിലെഅപാകതകള് പരിഹരിക്കുക ,സിഗ്നലിലെ ഗതാഗത നിയന്ത്രണം കൂടുതല്‍ കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിലൂടെ ഉന്നയിച്ചത്. ജനങ്ങളുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്കി ബന്ധപ്പെട്ട അധികാരികള്‍ അടിയന്തരമായി ഇടപെട്ട് പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്ന് എഐവൈഎഫ് ആവശ്യപ്പെട്ടു. നിവേദനം സമര്‍പ്പിക്കുന്നതില്‍ എഐവൈഎഫ് മണ്ഡലം സെക്രട്ടറി ഷെഫീഖ് മുഹമ്മദ്, പ്രസിഡന്റ് വിഷ്ണു കെ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ നിതിന്‍ കുര്യന്, എം.ആര്. ഹരികൃഷ്ണന്, മണ്ഡലം സഹഭാരവാഹികള്‍ ആയിട്ടുള്ള സിജോ വര്‍ഗീസ് ,സജാദ് കാമ്പാക്കുടി ,മണ്ഡലം കമ്മിറ്റി അംഗങ്ങളായ അനീഷ് കുമാര്‍ ,ജോഫിന്‍ ജോഷി ,നൗഷാദ് കെ എസ് എന്നിവര്‍ പങ്കെടുത്തു.



















































