പോത്താനിക്കാട്: കാളിയാര്‍-കക്കടാശ്ശേരി റോഡില്‍ ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. ചൊവ്വാഴ്ച വൈകിട്ട് 5.15 ഓടെ പനങ്കരയിലുണ്ടായ അപകടത്തില്‍ കടവൂര്‍ സൗത്ത് പുന്നമറ്റം തോട്ടുചാലില്‍ സിജോയുടെ മകന് അജയ് (22) ആണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പനങ്കര സ്വദേശി എബിന് (23) ഗുരുതരമായി പരിക്കേറ്റു. പനങ്കര ഭാഗത്തുനിന്നും പോത്താനിക്കാടിലേക്ക് വരികയായിരുന്ന ടോറസ് ലോറി എതിര്‍ദിശയില്‍ നിന്നും വരികയായിരുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. ലോറിക്കടിയില്‍പ്പെട്ട അജയ് തല്‍ക്ഷണം മരിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ എബിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അജയ് യുടെ മൃതദേഹം മൂവാറ്റുപുഴ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോത്താനിക്കാട് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.






















































