കോതമംഗലം :കഴിഞ്ഞ സർക്കാരിന്റെ കാലയളവിൽ 8 കോടി രൂപ അനുവദിച്ച് നവീകരണം ആരംഭിച്ചിരുന്ന രണ്ട് റോഡുകളിൽ ഒന്നിനെ പുതിയ മിനി ബൈപ്പാസ് എന്നും, പുതിയ പദ്ധതി എന്ന നിലയിലും എംഎൽഎ ഇപ്പോൾ അവതരിപ്പിക്കുന്നുവെന്ന് മുൻ എംഎൽഎ ആന്റണി ജോൺ.കോതമംഗലം മണ്ഡലത്തിലെ രണ്ട് പ്രധാന റോഡുകളായ ആലുമ്മാവ് – കുരൂർ റോഡും,എംഎ കോളേജ് – കോഴിപ്പിള്ളി റോഡും (എംപി വർഗീസ് റോഡ് ) ആധുനീക നിലവാരത്തിൽ നവീകരിക്കുന്നതിനായി 8 കോടി രൂപ അനുവദിച്ച് നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപേ നിർമ്മാണ പ്രവർത്തനം ആരംഭിച്ചിരുന്നു.
നെല്ലിക്കുഴി പഞ്ചായത്ത് ഓഫീസിന് പിന്നിൽ നിന്ന് ആരംഭിച്ച് കോതമംഗലം കോട്ടപ്പടി റോഡിൽ എത്തി ആലുംചുവടിൽ നിന്നും തങ്കളം – മലയിൻകീഴ് ബൈപ്പാസ് റോഡിൽ എത്തിച്ചേരുന്നതാണ് ആലുമ്മാവ് – കുരൂർ റോഡ്. ഈ റോഡും എം എ കോളേജ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് കോഴിപ്പിള്ളി വാട്ടർ അതോറിറ്റി ഓഫീസിന് മുന്നിൽ എത്തിച്ചേരുന്ന എംഎ കോളേജ് – കോഴിപ്പിള്ളി (എംപി വർഗീസ്) റോഡ്, എന്നീ രണ്ട് റോഡുകൾക്കായാണ് കഴിഞ്ഞ സർക്കാരിന്റെ കാലയളവിൽ 8 കോടി രൂപ അനുവദിച്ച് ടെൻഡർ നടപടികളെല്ലാം പൂർത്തീകരിച്ച് നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപേ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നത്.
പ്രധാനപ്പെട്ട ഈ രണ്ടു റോഡു വികസന പദ്ധതികളിൽ ഒന്നാണ് ആലും മാവ് – കുരൂർ റോഡ്. ഈ പദ്ധതിയെ ആണ് ഇപ്പോൾ പുതിയ മിനി ബൈപ്പാസ് എന്നുപറഞ്ഞ് എം എൽ എ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്.ബി എം & ബി സി ടാറിങ്ങിനു പുറമേ ആവശ്യമായ ഇടങ്ങളിൽ കലുങ്കുകളും,
റോഡ് വൈഡനിങ്ങ്,ഡ്രൈനേജ്,ഐറിഷ് സംവിധാനങ്ങളും , യൂട്ടിലിറ്റി ഷിഫ്റ്റിംഗ് ,റോഡ് സേഫ്റ്റിയുടെ ഭാഗമായി റിഫ്ലക്ടർ,സ്റ്റഡ്,സൈൻ ബോർഡുകൾ,സീബ്രാ ലൈൻ,റോഡ് മാർക്കിങ്ങ് അടക്കമുള്ള പ്രവർത്തികളും ഉൾക്കൊള്ളിച്ചാണ് ആധുനീക നിലവാരത്തിൽ റോഡ് നവീകരിക്കുന്നത്.ഈ പ്രവർത്തികളിൽ ആലും മാവ് – കുരൂർ റോഡിൽ കലുങ്കുകളുടെയും ഡ്രൈനേജ് സംവിധാനങ്ങളുടെയും വർക്കുകൾ ഇതിനോടകം തന്നെ പൂർത്തീകരിച്ച് പ്രവർത്തി വേഗതയിൽ മുന്നോട്ടുപോകുകയാണ് .
വസ്തുത ഇതാണെന്നിരിക്കെ രണ്ട് റോഡുകളുടെയും നവീകരണ പദ്ധതി യുഡിഎഫ് സർക്കാർ വന്നതിനുശേഷം ഫണ്ട് അനുവദിച്ച് നടപ്പിലാക്കുന്ന പദ്ധതി എന്ന നിലയിലും പുതിയ മിനി ബൈപ്പാസ് എന്നുള്ള നിലയിലുമാണിപ്പോൾ എംഎൽഎ അവതരിപ്പിക്കുന്നത്. എംഎൽഎ ആയി വന്നതിന് ശേഷം കഴിഞ്ഞ ആറുമാസകാലവും എല്ലാ വിഷയങ്ങളിലും തുടർച്ചയായി എട്ടുകാലി മമ്മൂഞ്ഞിന്റെ സമീപനം തന്നെ സ്വീകരിച്ചുകൊണ്ട് എംഎൽഎ മുന്നോട്ടു പോവുകയാണ്. കഴിഞ്ഞ 10 വർഷക്കാലവും മണ്ഡലത്തിലെ വികസന ക്ഷേമ പ്രവർത്തനങ്ങളെ ഇകഴ്ത്തി കാണിക്കുന്നതിനും പരാജയപ്പെടുത്തുന്നതിന് വേണ്ടി നിരന്തരമായി നേതൃത്വം കൊടുക്കുകയും പി ആർ ഏജൻസികളെ അടക്കം ഉപയോഗിച്ചുക്കൊണ്ട് വലിയ വാജ്യപ്രചരണം നടത്തിയ വ്യക്തി കൂടിയാണ് അദ്ദേഹം.
കഴിഞ്ഞ കാലയളവിലെ വികസന നേട്ടങ്ങളെ എല്ലാം ആറുമാസ കാലത്തെ തന്റെ മാത്രം നേട്ടമായി ഇപ്പോൾ അവതരിപ്പിക്കുകയാണ് അദ്ദേഹം.രണ്ട് റോഡുകളുടെ ആധുനീക നിലവാരത്തിലുള്ള നവീകരണത്തിനായി കഴിഞ്ഞ സർക്കാർ 8 കോടി രൂപ അനുവദിച്ച് പ്രവർത്തിയുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ച്
നിർമ്മാണം വേഗതയിൽ പോകുന്ന ഘട്ടത്തിലാണ് ആലും മാവ് – കുരൂർ റോഡിനെ പുതിയ മിനി ബൈപാസ്സ് എന്നും പുതിയ പദ്ധതി എന്നും പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുവാൻ ശ്രമിക്കുന്നത്.എംഎൽഎയുടെ തുടർച്ചയായ ഇത്തരത്തിലുള്ള സമീപനം കോതമംഗലത്തിന്റെ പൊതുസമൂഹം തിരിച്ചറിയണമെന്നും ആന്റണി ജോൺ പറഞ്ഞു.






















































