പെരുമ്പാവൂര്‍:പെരുമ്പാവൂരില്‍ പോക്സോ കേസ് അതിജീവിതയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി കോടതി കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു. അറക്കപ്പടി സ്വദേശിയായ മുഹമ്മദ് അദ്നാനാണ് പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയുടെ ഒന്നാം നിലയില്‍ നിന്ന് കൈവിലങ്ങോടെ ചാടിയത്. അതിജീവിതയുടെ വീട്ടില്‍ കയറി കത്തി ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ച ഇയാളെ നാട്ടുകാരും പോലീസും ചേര്‍ന്നാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കവേ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച പ്രതി, മജിസ്ട്രേറ്റിന്റെ മുന്നിലൂടെ ഓടി പുറത്തിറങ്ങി താഴേക്ക് ചാടുകയായിരുന്നു. വീഴ്ചയില്‍ ശരീരത്തില്‍ പരിക്കേറ്റ ഇയാളെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് സ്കാനിംഗിന് വിധേയനാക്കി. തുടര്‍ന്ന് പ്രതിയുടെ അറസ്റ്റ് പോലീസ് വീണ്ടും രേഖപ്പെടുത്തി.






















































