കോതമംഗലം: പോര്‍ച്ചുഗലിലുണ്ടായ അപകടത്തിൽ ഭൂതത്താന്‍കെട്ട് സ്വദേശിയായ യുവാവ് മരിച്ചു. ഭൂതത്താന്‍കെട്ട്
ചെങ്കര മുത്തലത്തോട്ടത്തില്‍ ബോണി ബേസില്‍ കുര്യന്‍ (36) ആണ് മരിച്ചത്. ജോലി സംബന്ധമായ ആവശ്യത്തിനായി എത്തിയ ടൗണില്‍ രാത്രിയില്‍ താമസിച്ചിരുന്ന റൂമിൽ ഹീറ്റര്‍ പൊട്ടിത്തെറിച്ചു എന്നാണ് നാട്ടില്‍ ലഭിച്ചിട്ടുള്ള വിവരം.
കഠിനമായ തണുപ്പില്‍ നിന്ന് രക്ഷനേടാനാണ് ഹീറ്റര്‍ പ്രവര്‍ത്തിപ്പിച്ചിരുന്നത്. ബോണി മാത്രമാണ് റൂമില്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം.നാല് വര്‍ഷത്തോളമായി ബോണി പോര്‍ച്ചുഗലില്‍ ജോലി ചെയ്തുവരികയായിരുന്നു. പി.ആര്‍.നേടുന്നതിനുള്ള ശ്രമം നടത്തിവരുന്നതിനിടെയാണ് അപ്രതീഷിത അപകടം. ബോണിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ ആരംഭിച്ചിട്ടുണ്ട്. നടപടികള്‍ പൂര്‍ത്തിയാകാന്‍ ഏതാനും ദിവസങ്ങള്‍ കഴിയുമെന്നാണ് അറിയുന്നത്.





















































