കോതമംഗലം: കുട്ടമ്പുഴ പിണവൂര്‍കുടി ആദിവാസി ഉന്നതിയില്‍ വീടുകളോട് ചേര്‍ന്ന ഷെഡുകള്‍ കാട്ടാനക്കൂട്ടം തകര്‍ത്തു. ഉന്നതിയിലെ ആനന്ദംകുടി ഭാഗത്ത് താമസിക്കുന്ന ആഞ്ഞിലിമൂട്ടില്‍ സന്തോഷ്, വത്സല രവി എന്നിവരുടെ വീടുകള്‍ക്ക് സമീപത്തെ ഷെഡുകളാണ് നശിപ്പിച്ചത്. ഇന്നലെ പുലര്‍ച്ചെ അഞ്ചോടെയാണ് ആക്രമണം നടന്നത്.
ആനപ്പേടി കാരണം നിര്‍മാണം പൂര്‍ത്തിയാകാത്ത വീട്ടിലാണ് സന്തോഷും കുടുംബവും താമസിക്കുന്നത്. ആഹാരം പാകം ചെയ്യാനും വിറക് സൂക്ഷിക്കാനും മറ്റുമായി വീടിനോട് ചേര്‍ന്ന് നിര്‍മിച്ച ഷെഡും, കുടിവെള്ള ടാങ്കും നിരവധി പാത്രങ്ങളും മറ്റും ആനക്കൂട്ടം നശിപ്പിച്ചു. ഒരു മണിക്കൂറോളം ആനക്കൂട്ടം വീടിന് സമീപത്ത് തമ്പടിച്ചതായി വീട്ടുകാര്‍ പറഞ്ഞു.
ജനാലയ്ക്ക് സമീപത്ത് വന്നുനിന്ന ആനകളിലൊന്ന് ചീറ്റിയതോടെ സന്തോഷും ഭാര്യ ഷിജിയും സഹോദരിയും കുട്ടികളും ഭയന്ന് വിറച്ചു. സമീപ ദിവസങ്ങളിലായി മൂന്നാമത്തെ പ്രാവശ്യമാണ് ആന വീടിന് സമീപത്ത് എത്തുന്നതെന്ന് ഷിജി പറഞ്ഞു. വത്സല രവിയുടെ വീടിന് പിന്നിലെ വിറകും മറ്റും സൂക്ഷിക്കുന്ന ആസ്ബസ്റ്റോസ് ഷീറ്റുകള്‍ വലിച്ചിട്ട് നശിപ്പിക്കുകയും ചെയ്തു.























































