കോതമംഗലം: കോട്ടപ്പടി, പിണ്ടിമന പഞ്ചായത്തുകളിലെ ജനവാസ മേഖലകളിൽ കഴിഞ്ഞ ദിവസങ്ങളിലായി ഭീതി പരത്തിയ കാട്ടാനയുടെ മരണം Septicemia എന്ന ഗുരുതര അണുബാധ മൂലമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായതായി കോതമംഗലം എംഎൽഎ ഷിബു തെക്കുംപുറം പറഞ്ഞു.
ജൂൺ 5 മുതൽ സ്കൂളുകളുടെ പരിസരങ്ങൾ ഉൾപ്പെടെ ജനവാസ മേഖലകളിൽ ആനയുടെ സാന്നിധ്യം പ്രദേശവാസികളിൽ വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും ശക്തമായ ആവശ്യത്തെ തുടർന്ന് വിദഗ്ധസംഘം നടത്തിയ പരിശോധനയിൽ ആന ഗുരുതരമായ ശാരീരിക അവശതയിലാണെന്നും, ജനവാസ മേഖലയിൽ നിന്ന് മാറ്റി ചികിത്സ നൽകേണ്ടത് അനിവാര്യമാണെന്നും കണ്ടെത്തി.
ഇതിന്റെ അടിസ്ഥാനത്തിൽ ജൂൺ 25-ന് മയക്കുവെടി വെച്ച് ആനയെ നിയന്ത്രണവിധേയമാക്കുകയും ജിപിഎസും റേഡിയോ കോളറും ഘടിപ്പിച്ച് നിരീക്ഷണത്തിലാക്കുകയും ചെയ്തു.
വിഷയത്തിന്റെ അടിയന്തര പ്രാധാന്യം ചൂണ്ടിക്കാട്ടി നിയമസഭയിൽ സ്പീക്കർ വനം വകുപ്പ് മന്ത്രിയുടെ ശ്രദ്ധ ക്ഷണിക്കുകയും, തുടർന്ന് വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോണിന്റെയും കോതമംഗലം എംഎൽഎ ഷിബു തെക്കുംപുറത്തിന്റെയും ഇടപെടലിനെ തുടർന്നാണ് നടപടികൾ വേഗത്തിലാക്കിയത്.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുക എന്നത് സർക്കാരിന്റെ പ്രാഥമിക ഉത്തരവാദിത്വമാണെന്നും, അതിന്റെ അടിസ്ഥാനത്തിലാണ് എല്ലാ നടപടികളും സ്വീകരിച്ചതെന്നും എംഎൽഎ പറഞ്ഞു.
ആനയുടെ മരണവുമായി ബന്ധപ്പെട്ട് ചില കോണുകളിൽ നിന്ന് ഉയർന്ന ആരോപണങ്ങൾ വസ്തുതകളല്ലെന്നും, പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണകാരണം ഗുരുതരമായ അണുബാധയായ Septicemia ആണെന്ന് വ്യക്തമായ സാഹചര്യത്തിൽ അടിസ്ഥാനരഹിതമായ പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.






















































