കോതമംഗലം: ജനങ്ങളുടെ പ്രശ്നങ്ങള്‍ നേരിട്ടറിയാനും പരിഹാരനടപടികള്‍ വേഗത്തിലാക്കാനും ലക്ഷ്യമിട്ട് ഷിബു തെക്കുംപുറം എംഎല്‍എയുടെ നേതൃത്വത്തില്‍ കോതമംഗലം നിയോജകമണ്ഡലത്തില്‍ സംഘടിപ്പിക്കുന്ന ജനസമ്പര്‍ക്ക പരിപാടി നവംബര്‍ 12ന് ആരംഭിക്കും. രാവിലെ 10ന് കോട്ടപ്പടി പഞ്ചായത്ത് കൈരളി ഓഡിറ്റോറിയത്തില്‍ വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍ ഉദ്ഘാടനം നിര്‍വഹിക്കും.
മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും പ്രത്യേകം ജനസമ്പര്‍ക്ക പരിപാടികള്‍ സംഘടിപ്പിക്കും. പഞ്ചായത്തിലെ ജനങ്ങള്‍ക്ക് തങ്ങളുടെ വ്യക്തിപരമായ പരാതികളും പൊതുവായ ആവശ്യങ്ങളും നാടിന്റെ വികസനവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളും എംഎല്‍എയുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും മുന്നില്‍ നേരിട്ട് അവതരിപ്പിക്കാന്‍ ഇതിലൂടെ അവസരമൊരുങ്ങും.
ജനങ്ങളുടെ പ്രശ്നങ്ങള്‍ കേള്‍ക്കുന്നതില്‍ മാത്രം ഒതുങ്ങാതെ സാധ്യമായവയ്ക്ക് പരിപാടിയില്‍വെച്ചുതന്നെ പരിഹാരം കണ്ടെത്തുകയാണ് ലക്ഷ്യം. വിവിധ വകുപ്പുകളുടെ ഇടപെടല്‍ ആവശ്യമായ വിഷയങ്ങളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നടപടികള്‍ക്ക് തുടക്കമിടും. ഉടനടി പരിഹരിക്കാന്‍ കഴിയാത്ത പരാതികളും ആവശ്യങ്ങളും ബന്ധപ്പെട്ട വകുപ്പുകളുടെയും സര്‍ക്കാരിന്റെയും ശ്രദ്ധയില്‍പ്പെടുത്തി തുടര്‍നടപടികള്‍ സ്വീകരിക്കും. വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പരിപാടിയില്‍ പങ്കെടുക്കും. ഇതിലൂടെ വിവിധ ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങാതെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി നേരിട്ട് സംവദിക്കാനും പരാതികളില്‍ പരിഹാരസാധ്യതകള്‍ തേടാനും പൊതുജനങ്ങള്‍ക്ക് കഴിയും.
കോട്ടപ്പടിയില്‍ ആരംഭിക്കുന്ന ജനസമ്പര്‍ക്ക പരിപാടി തുടര്‍ന്നുള്ള ദിവസങ്ങളില്‍ നിയോജകമണ്ഡലത്തിലെ മറ്റു പഞ്ചായത്തുകളിലും സംഘടിപ്പിക്കും. ഓരോ പ്രദേശത്തെയും ജനങ്ങളുടെ പ്രശ്നങ്ങള്‍ അതത് പ്രദേശങ്ങളില്‍ത്തന്നെ അഭിസംബോധന ചെയ്യുകയും പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തുകയും വികസന ആവശ്യങ്ങളില്‍ ഇടപെടുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ഷിബു തെക്കുംപുറം എംഎല്‍എ അറിയിച്ചു. കോട്ടപ്പടി പഞ്ചായത്തിലെ ജനങ്ങള്‍ പരിപാടിയില്‍ പങ്കെടുത്ത് തങ്ങളുടെ പരാതികളും ആവശ്യങ്ങളും വികസന നിര്‍ദേശങ്ങളും അവതരിപ്പിക്കണമെന്ന് പ്രദേശവാസികളോട് എംഎല്‍എ അറിയിച്ചു.



















































