കോതമംഗലം: പത്തുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കുടമുണ്ട പുതിയപാലം ഗതാഗതത്തിനായി തുറന്നു. പല്ലാരിമംഗലം, കവളങ്ങാട്, വാരപ്പെട്ടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു.പാലം, ചെക്ക് ഡാം, അനുബന്ധ റോഡുകള്‍ എന്നിവ ഉള്‍പ്പെടുന്ന പദ്ധതി കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനും ജലസേചന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും പ്രദേശത്തെ ഗതാഗതം സുഗമമാക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ്. വിവിധ തടസ്സങ്ങളെ തുടര്‍ന്ന് വര്‍ഷങ്ങളോളം മുടങ്ങിക്കിടന്ന പദ്ധതി പൂര്‍ത്തിയായതോടെ പ്രദേശത്തിന്റെ വികസനത്തിന് പുതിയ സാധ്യതകളാണ് തുറക്കുന്നത്.2012-ല്‍ പ്രാഥമിക അനുമതി ലഭിച്ച പദ്ധതിയുടെ നിര്‍മാണത്തിന് 2014-ലാണ് കരാര്‍ നല്‍കിയത്. എന്നാല്‍ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, സാങ്കേതിക തടസ്സങ്ങള്‍, കോടതിവ്യവഹാരങ്ങള്‍ തുടങ്ങിയവ നിര്‍മാണത്തിന്റെ പുരോഗതിയെ പ്രതികൂലമായി ബാധിച്ചു. 2016-ല്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചെങ്കിലും പദ്ധതി പൂര്‍ത്തിയാകാതെ നീണ്ടുപോയി.
15.5 മീറ്റര്‍ വീതമുള്ള മൂന്ന് സ്പാനുകളിലായി ആകെ 47 മീറ്റര്‍ നീളത്തിലാണ് പാലം നിര്‍മിച്ചിരിക്കുന്നത്. പാലത്തിന്റെ ഡെക്ക് സ്ലാബിന് 4.25 മീറ്റര്‍ വീതിയുള്ള ക്യാരിയേജ് വേയുണ്ട്. 1.5 മീറ്റര്‍ ഉയരമുള്ള ചെക്ക് ഡാമില്‍ 1.2 മീറ്റര്‍ വീതിയുള്ള മൂന്ന് വെന്റുകളാണ് ഒരുക്കിയിട്ടുള്ളത്.
പാലം ഗതാഗതത്തിനായി തുറന്നതോടെ സമീപ പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് യാത്രാസൗകര്യം മെച്ചപ്പെടുന്നതിനൊപ്പം കര്‍ഷകര്‍ക്കും വലിയ പ്രയോജനം ലഭിക്കും.
കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു അധ്യക്ഷത വഹിച്ചു. പിറവം ഇറിഗേഷന്‍ സബ് ഡിവിഷന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ബി.ജെ. ദേവി, എറണാകുളം ഇറിഗേഷന്‍ ഡിവിഷന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ബി. അബ്ബാസ്,,പല്ലാരിമംഗലം പഞ്ചായത്ത് പ്രസിഡന്റ് പി.കെ. മൊയ്തു, കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോര്‍ജ്, വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് സംഗീത പ്രതീഷ്, കവളങ്ങാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി ജേക്കബ്, പല്ലാരിമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹ്സിന ശിഹാബ്, വാരപ്പെട്ടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ. യൂസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.എം. സിദ്ദിഖ്, രാജേഷ് കുഞ്ഞുമോന്, മൂവാറ്റുപുഴ ഇറിഗേഷന്‍ സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ വിഷ്ണു കൃഷ്ണന്, വാര്‍ഡ് മെമ്പര്‍മാര്‍, നേതാക്കളായ കെ പി ബാബു, എം എസ് എല്‍ദോസ്, ബാബു ഏലിയാസ്, ഇബ്രാഹിം കവല, പി എം സക്കറിയ തുടങ്ങിയവര്‍ പങ്കെടുത്തു.




















































