കോതമംഗലം: ഫര്‍ണിച്ചര്‍ നിര്‍മാണ മേഖലയിലെ നെല്ലിക്കുഴിയുടെ പാരമ്പര്യവും സാധ്യതകളും പ്രയോജനപ്പെടുത്തി പ്രദേശത്തെ ഫര്‍ണിച്ചര്‍ ഹബ്ബാക്കി ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ഒരു മാസം നീളുന്ന ഫര്‍ണിച്ചര്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. ഫെസ്റ്റിവലിന്റെ നടത്തിപ്പും മുന്നൊരുക്കങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി നെല്ലിക്കുഴി പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ആലോചനാ യോഗം ചേര്‍ന്നു. ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ത്തന്നെ ഫര്‍ണിച്ചര്‍ ഹബ്ബിനെക്കുറിച്ച് പരാമര്‍ശമുണ്ടായത് ഈ മേഖലയിലെ വികസന സാധ്യതകള്‍ക്ക് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നതാണെന്ന് എംഎല്‍എ പറഞ്ഞു.
നെല്ലിക്കുഴിയുടെ സവിശേഷമായ ഫര്‍ണിച്ചര്‍ നിര്‍മാണ പാരമ്പര്യം പ്രയോജനപ്പെടുത്തി വ്യവസായത്തെ കൂടുതല്‍ വളര്‍ത്തുന്നതിനും സംരംഭകരുടെ കൂട്ടായ്മയിലൂടെ പുതിയ സാധ്യതകള്‍ തുറക്കുന്നതിനും കഴിയണം. ഇതിനുള്ള മികച്ച അവസരമായി ഫെസ്റ്റിവലിനെ മാറ്റണമെന്നും എംഎല്‍എ പറഞ്ഞു.ഫെസ്റ്റിവലിന്റെ ഭാഗമായി സിമ്പോസിയങ്ങള്‍, സെമിനാറുകള്‍, കലാപരിപാടികള്‍, നിക്ഷേപക സംഗമം, ബിസിനസ് മീറ്റ് എന്നിവ സംഘടിപ്പിക്കും. ഫര്‍ണിച്ചര്‍ നിര്‍മാണ മേഖലയിലെ പുതിയ പ്രവണതകള്‍ പരിചയപ്പെടുത്തുന്നതിനും ആധുനിക സാങ്കേതികവിദ്യകളും വിപണന സാധ്യതകളും സംരംഭകര്‍ക്ക് പ്രയോജനപ്പെടുത്തുന്നതിനും നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനും പരിപാടികള്‍ ലക്ഷ്യമിടുന്നു.
നെല്ലിക്കുഴി ഫര്‍ണിച്ചറിനെ കേരളത്തിന്റെ തനത് ബ്രാന്‍ഡായി വളര്‍ത്തിയെടുക്കുന്നതിനുള്ള സാധ്യതകളും യോഗം ചര്‍ച്ച ചെയ്തു. നെല്ലിക്കുഴി ഫര്‍ണിച്ചറിന് ഭൗമസൂചികാ പദവി (ജിയോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍ജി.ഐ.) ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളും നടത്തും. പ്രാദേശിക വ്യവസായത്തിന്റെ തനിമയും ഗുണമേന്മയും കൂടുതല്‍ ശ്രദ്ധേയമാക്കുന്നതിനൊപ്പം ദേശീയഅന്തര്‍ദേശീയ വിപണികളിലേക്ക് നെല്ലിക്കുഴി ഫര്‍ണിച്ചറിനെ എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ഫെസ്റ്റിവല്‍ വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.
ഫെസ്റ്റിവലിന്റെ വിജയകരമായ നടത്തിപ്പിനായി സംഘാടക സമിതിയും രൂപീകരിച്ചു. നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് സനീറ നസീര്‍ ചെയര്‍മാനായും വൈസ് പ്രസിഡന്റ് അബു കൊട്ടാരം കണ്‍വീനറായും തിരഞ്ഞെടുക്കപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് സനീറ നസീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് അബു കൊട്ടാരം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു, ജില്ലാ പഞ്ചായത്ത് അംഗം പി.എ.എം. ബഷീര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജോയ് ജോസഫ്, പഞ്ചായത്ത് അംഗങ്ങളായ എം.എം. അബ്ദുല്‍ കരീം, സത്താര്‍ വട്ടക്കുടി, സി.കെ. സത്യന്‍, ഫൗസിയ ഷിയാസ്, സല്‍ജ ജോസ്, അസീസ് മാമ്മോളം, അജീബ് ഇരമല്ലൂര്‍, ഷാന്റി റെജി, രാഹുല്‍ തങ്കപ്പന്‍, അജീന സുബൈര്‍, അദീന ജബ്ബാര്‍,കെ.ജി. ഷാജി , ഫര്‍ണിച്ചര്‍ വ്യാപാരികളായ എം.എം. അലിയാര്‍, അബ്ബാസ് കാമ്പാക്കുടി, ബഷീര്‍ കുഴിപ്പിള്ളി, രാഷ്ട്രീയ നേതാക്കളായ എം.വി. റെജി, എം.എ. കരീം, പി.എം. സക്കറിയ, ഷമീര്‍ പാറപ്പാട്ട്,കെ.എച്ച്. സലീം , സുബൈര്‍ പ്ലാക്കാട്ടുമോളം എന്നിവര്‍ പ്രസംഗിച്ചു.



















































