കോതമംഗലം: നെല്ലിക്കുഴിയിൽ ഫർണിച്ചർ ഹബ്ബ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഷിബു തെക്കുംപുറം എംഎൽഎ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് നിവേദനം നൽകി. ഡിസംബറിൽ സംഘടിപ്പിക്കുന്ന നെല്ലിക്കുഴി ഫർണിച്ചർ ഫെസ്റ്റിവലിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കണമെന്നും എംഎൽഎ മന്ത്രിയോട് അഭ്യർഥിച്ചു.
ഫർണിച്ചർ നിർമാണ മേഖലയിൽ സംസ്ഥാനത്ത് ശ്രദ്ധേയ കേന്ദ്രമായ നെല്ലിക്കുഴിയിൽ ഫർണിച്ചർ ഹബ്ബ് സ്ഥാപിക്കുന്നത് ചെറുകിട സംരംഭങ്ങളുടെ വളർച്ചയ്ക്കും തൊഴിൽസാധ്യതകൾ വർധിപ്പിക്കുന്നതിനും സഹായകമാകുമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ഫർണിച്ചർ നിർമാണം, വിപണനം, അനുബന്ധ വ്യവസായങ്ങൾ എന്നിവയുടെ വികസനത്തിന് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിലൂടെ നെല്ലിക്കുഴിയുടെ വ്യവസായ സാധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്താനാകുമെന്നും എംഎൽഎ പറഞ്ഞു.നെല്ലിക്കുഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബൂ കൊട്ടാരം, സ്ഥിരം സമിതി ചെയർമാൻ സത്താർ വട്ടക്കുടി എന്നിവർ എംഎൽഎയോടൊപ്പം ഉണ്ടായിരുന്നു.




















































