പെരുമ്പാവൂര്‍: സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിച്ച കോളേജ് വിദ്യാര്‍ത്ഥിനി വാഹനാപകടത്തില്‍ മരിച്ചു. വൈക്കം പാറയ്ക്കല്‍ ആനിക്കാട് റോയിയുടെ മകള്‍ റിയ (18) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് രായമംഗലം പ്ലാപ്പറമ്പില്‍ അലന് ജോര്‍ജ് റോയിയെ(18) പരിക്കുകളോടെ കോലഞ്ചേരി മെഡിക്കല്‍ മിഷന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇരുവരും വേങ്ങൂര്‍ രാജഗിരി വിശ്വജ്യോതി കോളേജ് ഓഫ് ആര്‍ട്സ് ആന്റ് അപ്ലൈഡ് സയന്‍സസിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30ന് കുറുപ്പംപടി – കുറിച്ചിലക്കോട് റോഡില്‍ കുറുപ്പംപടി ഡേവിഡ് ലാഡ് ഹോട്ടലിന് സമീപമായിരുന്നു അപകടം. കോടനാട് ഭാഗത്തുനിന്ന് വരികയായിരുന്നു ബൈക്കും ഓട്ടോറിക്ഷയും. മുന്നിലായി സഞ്ചരിച്ച ഓട്ടോറിക്ഷ വലതുവശത്തെ ഇടറോഡിലേക്ക് തിരിഞ്ഞപ്പോള്‍ പിന്നാലെയെത്തിയ ബൈക്ക് ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ റിയയും അലനും റോഡില്‍ തലയിടിച്ചു വീണു. ഇരുവരെയും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും റിയയുടെ ജീവന് രക്ഷിക്കാനായില്ല. മാതാവ്: മറീന ജോസ്.




















































