പെരുമ്പാവൂര്‍:ഒക്കലില്‍ വിമാനം താഴ്ന്നുപറന്ന് വീടിന്റെ ഓടുകള്‍ ഇളകിത്തെറിച്ചു. ഒക്കല്‍ നമ്പിള്ളി കവലയ്ക്കുസമീപം ചിറക്കല്‍ ജോയിയുടെ വീടിന്റെ ഓടുകളാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് 2.15 ഓടെ ഇളകിത്തെറിച്ചത്. വലിയ ശബ്ദത്തോടെ ഓടുകള്‍ വീടിന്റെ മേല്‍ക്കൂരയില്‍ ആകെ ചിതറിത്തെറിച്ചു. ആര്‍ക്കും പരിക്കില്ല. ഒക്കല്‍ പ്രദേശത്ത് കെട്ടിടങ്ങളുടെ ഓടുകള്‍ ചിതറിത്തെറിക്കുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. സെപ്തംബര്‍ ഒമ്പതിന് ഒക്കല്‍ ശ്രീനാരായണ ഹയര്‍ സെക്കന്ററി സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയിലെ ഓടുകളും ഇത്തരത്തില്‍ പറന്നുപോയിരുന്നു.സ്‌കൂള്‍ സമയത്തിനുമുന്പായതിനാല്‍ അന്നും അപകടം ഒഴിവായി.
കുറച്ചുനാളുകള്‍ക്കുമുന്പ് മാണിക്യത്താന്‍ ജോയിയുടെയും പണ്ഡാല പ്രസാദിന്റെയും വീടുകളുടെ ഓടുകളും ഇതുപോലെ പറന്നുപോയിരുന്നു. നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പോകുന്ന വിമാനങ്ങള്‍ ഈ പ്രദേശത്തെത്തുമ്പോള്‍ വളരെ താഴ്ന്നാണ് പറക്കുന്നത്. ഇതാണ് ഓടുകള്‍ പറക്കുന്നതിന് കാരണമായി നാട്ടുകാര്‍ ആരോപിക്കുന്നത്.
പ്രശ്‌നപരിഹാരത്തിന് വിമാനത്താവള അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും ഒരുനടപടിയും ഉണ്ടായില്ലെന്നും നാട്ടുകാര്‍ പറയുന്നു. റവന്യു അധികാരികളും ജനപ്രതിനിധികളും ഇക്കാര്യത്തില്‍ ഇടപെട്ട് ശാശ്വതപരിഹാരം ഉണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



















































