പല്ലാരിമംഗലം: വ്യാപാരി വ്യവസായി സമിതി പല്ലാരിമംഗലം യൂണിറ്റിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന അലിവ് കാരുണ്യ സഹായ നിധി എം എൽ എ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു. അസുഖമോ, അപകടമോ മൂലം കഷ്ടപ്പെടുന്ന വ്യാപാരികളെ സഹായിക്കുന്നതിനും, കച്ചവട സ്ഥാപനങ്ങളിലുണ്ടാകുന്ന നാശ നഷ്ടങ്ങളിൽ സഹായിക്കുക, വ്യാപാരികളുടെ മക്കളുടെ വിദ്യാഭ്യാസം, വിവാഹം എന്നിങ്ങനെയുള്ള കാര്യങ്ങളിൽ വ്യാപാരികളെ സഹായിക്കുക, മരണാനന്തരം കുടുംബത്തെ സഹായിക്കുക, നിർധനരായ രോഗികൾക്ക് ചികിത്സ ധനസഹായം നൽകുക എന്നിങ്ങനെയുള്ള ലക്ഷ്യത്തോടെയാണ് അലിവ് കാരുണ്യ സഹായനിധി ആരംഭിച്ചിരിക്കുന്നത്. കിടപ്പുരോഗിയായ വ്യാപാരിക്ക് നൽകുന്ന ചികിത്സാ ധനസഹായം ചടങ്ങിൽവച്ച് ബ്ലോക് പഞ്ചായത്തംഗം ഒ ഇ അബ്ബാസ് ഏറ്റുവാങ്ങി.
യൂണിറ്റ് പ്രസിഡന്റ് പി കെ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. കവളങ്ങാട് ഏരിയ സെക്രട്ടറി റാജി വിജയൻ, യൂണിറ്റ് സെക്രട്ടറി മുഹമ്മദ് കാസിം, എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ
പി എം കബീർ, ടി എം നൂറുദ്ധീൻ, ഷംനാദ് പഴമ്പിള്ളിൽ, സലാം കൂവള്ളൂർ, അയാസ് പഴമ്പിള്ളിൽ, ടി എം അബ്ബാസ്, പ്രസന്ന രമണൻ, രാജി ബിജു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.