മുന്നൂറോളം അപേക്ഷകൾ; നൂറിലേറെ പരാതികൾക്ക് ഉടൻ പരിഹാരം; കോതമംഗലം മണ്ഡലത്തിൽ ജനസമ്പർക്ക പരിപാടിക്ക് തുടക്കമായി
കോതമംഗലം:സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളിൽ ആദ്യമായി ജനസമ്പർക്ക പരിപാടിക്ക് തുടക്കമിട്ട് കോതമംഗലം. ജനങ്ങളുടെ പരാതികൾക്ക് അതിവേഗ പരിഹാരം ഉറപ്പാക്കാൻ ഷിബു തെക്കുംപുറം എംഎൽഎയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജനസമ്പർക്ക പരിപാടിക്ക് ലഭിച്ചത് മികച്ച പ്രതികരണം. കോട്ടപ്പടി പഞ്ചായത്ത് കൈരളി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മുന്നൂറോളം അപേക്ഷകൾ ലഭിച്ചു.ഫിഷറീസ് വകുപ്പ് മന്ത്രി വി.ഇ. അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. ഡീൻ കുര്യാക്കോസ് എം.പി. മുഖ്യാതിഥിയായി. ഷിബു തെക്കുംപുറം എംഎൽഎ അധ്യക്ഷത വഹിച്ചു.
നൂറിലേറെ അപേക്ഷകൾക്ക് വേദിയിൽ തന്നെ പരിഹാരം കണ്ടെത്തി. ശേഷിക്കുന്ന അപേക്ഷകൾ തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് കൈമാറി.ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ടറിയുന്നതിനും അവയ്ക്ക് സമയബന്ധിതമായി പരിഹാരം കണ്ടെത്തുന്നതിനുമായി ഷിബു തെക്കുംപുറം എംഎൽഎയുടെ നേതൃത്വത്തിൽ ആവിഷ്കരിച്ച ജനസമ്പർക്ക പരിപാടി പരാതികൾ സമർപ്പിക്കാനുള്ള വേദി എന്നതിലുപരി പരിഹാരനടപടികൾക്ക് തുടക്കമിടുന്ന വേദിയായി മാറി. വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഒരേ വേദിയിലെത്തിച്ചതിലൂടെ നിരവധി പരാതികളിൽ അടിയന്തര ഇടപെടൽ സാധ്യമാക്കി.
ഓരോ അപേക്ഷയിലും ആവശ്യമായ നടപടികൾ വേഗത്തിൽ സ്വീകരിക്കും. വിവിധ വകുപ്പുകളുടെ ഏകോപനം ആവശ്യമായ വിഷയങ്ങളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മുഖേന തുടർനടപടികൾ ഉറപ്പാക്കും. ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കുന്നതിൽ മാത്രം ഒതുങ്ങാതെ സാധ്യമായവയ്ക്ക് വേദിയിൽത്തന്നെ പരിഹാരം കണ്ടെത്തുകയും മറ്റുള്ളവയിൽ സമയബന്ധിതമായ നടപടികൾ ഉറപ്പാക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യമെന്ന് ഷിബു തെക്കുംപുറം എംഎൽഎ പറഞ്ഞു.
വ്യക്തിഗത പരാതികൾ, സർക്കാർ ആനുകൂല്യങ്ങൾ സംബന്ധിച്ച ആവശ്യങ്ങൾ, വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ, പ്രദേശത്തിന്റെ അടിസ്ഥാന സൗകര്യ വികസന നിർദേശങ്ങൾ തുടങ്ങി നിരവധി വിഷയങ്ങളിലാണ് അപേക്ഷകൾ ലഭിച്ചത്. സർക്കാർ ഓഫീസുകൾ കയറിയിറങ്ങാതെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി നേരിട്ട് സംവദിക്കാനും പരാതികളിൽ പരിഹാരസാധ്യതകൾ തേടാനും പൊതുജനങ്ങൾക്ക് പരിപാടി അവസരമൊരുക്കി.
കോട്ടപ്പടിയിൽ ആരംഭിച്ച ജനസമ്പർക്ക പരിപാടി തുടർന്നുള്ള ദിവസങ്ങളിൽ നിയോജകമണ്ഡലത്തിലെ മറ്റു പഞ്ചായത്തുകളിലും, മുൻസിപ്പാലിറ്റിയിലും സംഘടിപ്പിക്കും. ഓരോ പഞ്ചായത്തിലെയും ജനങ്ങൾക്ക് സ്വന്തം പ്രദേശത്തുവെച്ചുതന്നെ പരാതികളും ആവശ്യങ്ങളും വികസന നിർദേശങ്ങളും അവതരിപ്പിക്കാനുള്ള അവസരമൊരുക്കും. വിവിധ പഞ്ചായത്തുകളിലെ ജനങ്ങളുടെ പ്രശ്നങ്ങൾ അതത് പ്രദേശങ്ങളിൽത്തന്നെ പരിഹരിക്കുന്നതിനുള്ള ഇടപെടലുകൾക്കും ഇതിലൂടെ തുടക്കമാകും.
കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റ് ഉമേഷ് ശിവകുമാർ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു, നഗരസഭ ചെയർപേഴ്സൺ ഭാനുമതി രാജു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജോയ് ജോസഫ്, നഗരസഭ വൈസ് ചെയർമാൻ പ്രിൻസ് വർക്കി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.എ.എം. ബഷീർ, ജോമി തെക്കേക്കര, പഞ്ചായത്ത് പ്രസിഡന്റ്മാരായ പി കെ മൊയ്തു, ബിന്ദു ജോർജ്ജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ബേബി സി എം, വാർഡ് അംഗങ്ങളായ റംല മുഹമ്മദ്, പരീക്കുട്ടി കുന്നത്താൻ, ഫിലിപ്പോസ് കെ വി, എ എം ഷംസു, പ്രിയ സാബു, ബിൻസി മാത്യു, മിനി എലിയാസ്, ഷിജി ചന്ദ്രൻ, വിഷ്ണു കെ രാജു, സിനി ജോസ്, വിലാസിനി സുബ്രഹ്മണ്യൻ, മറിയാമ്മ പോൾ, കണ്ണൻ എം ആർ, നേതാക്കളായ കെ.പി. ബാബു, ഷമീർ പനക്കൻ, ബാബു ഏലിയാസ്, ഇബ്രാഹിം കവല, ഇ എം മൈക്കിൾ, പി.എം. സക്കറിയ, എ.ടി. പൗലോസ്, മുഹമ്മദ് ഇഖ്ബാൽ, എം കെ വേണു, സുരേഷ് കെ കെ , ഡി കോര, ബിനോയ് ജോസഫ്, പി.സി. ജോർജ്, എൻ സി ചെറിയാൻ തുടങ്ങിയവർ പങ്കെടുത്തു.






















































