പോത്താനിക്കാട് : മദ്യ ലഹരിയില്‍ പോലീസുകാരെ ആക്രമിച്ച സഹോദരങ്ങള്‍ അറസ്റ്റില്‍. പോത്താനിക്കാട് പഞ്ഞിത്താഴം അന്തിയാട്ട് അമല്‍ (26), സഹോദരന് അതുല്‍ (24) എന്നിവരെയാണ് കൃത്യനിര്‍വഹണത്തിനിടെ പോലീസുകാരെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചതിന് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച പുലര്‍ച്ചെ 1.15 ഓടെ പ്രതികളുടെ വീടിന് മുന്നിലെ റോഡിലാണ് ആക്രമണം നടന്നത്.
മദ്യ ലഹരിയില്‍ വീട്ടില്‍ ബഹളം ഉണ്ടാക്കുന്നതായി മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്നെത്തിയ പോലീസ് സംഘത്തെ പ്രതികള്‍ ആക്രമിക്കുകയായിരുന്നു. എസ്ഐ ലെയ്സന്‍ ജോസഫ്, സിപിഒമാരായ എസ്.അനുരാജ്, ബിബിന്‍ എന്നിവരെയാണ് അസഭ്യം പറയുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തത്. അനുരാജിന്റെ മുഖത്ത് സ്ക്രൂഡ്രൈവര്‍ കൊണ്ടുള്ള കുത്തേറ്റു. ആക്രമണത്തെ തുടര്‍ന്ന് രക്ഷപെട്ട പ്രതികളെ രാവിലെ എസ്എച്ച്ഒ സിജു ജോസഫിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
















































