കോതമംഗലം: കനത്ത മഴയില്‍ കോട്ടപ്പടിയില്‍ വീട് തകര്‍ന്നു. ആളപായമില്ല. വടാശേരി തൈപ്പറമ്പില്‍ മാത്തുക്കുട്ടിയുടെ വീട് ഇന്നലെ ഉച്ചക്ക് 12നാണ് തകര്‍ന്നത്. ഓടുമേഞ്ഞ മേല്‍ക്കൂര പൂര്‍ണമായും നിലംപൊത്തി. ഭിത്തിക്കും പൊട്ടലുണ്ട്.സംഭവസമയത്ത് വീടിനുള്ളില്‍ മാത്തുക്കുട്ടിയും ഭാര്യ അല്‍ഫോന്‍സയും മകന് സബിനും ഉണ്ടായിരുന്നു. മേല്‍ക്കൂരയില്‍നിന്ന് ശബ്ദംകേട്ടതോടെ ഇവര്‍ പുറത്തേക്ക് ഓടിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വീട്ടുപകരണങ്ങള്‍ ഉള്‍പ്പെടെ നശിച്ചു.
രണ്ട് മുറിയും ഹാളും അടുക്കളയും അടങ്ങുന്ന വീട് വാസയോഗ്യമല്ലാതായി. കുടുബത്തെ വാടക വീട്ടിലേക്ക് മാറ്റി. സര്‍ക്കാരില്‍നിന്നും അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ ശ്രമം നടത്തുമെന്ന് കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റ് ഉമേഷ് ശിവകുമാര്‍ പറഞ്ഞു.






















































