കോതമംഗലം: നേര്യമംഗലം-ഇടുക്കി റോഡില്‍ ചെമ്പന്‍കുഴി ജംഗ്ഷനിൽ ബൈക്ക് യാത്രികൻ പകൽ റോഡ് കുറുകെ കടന്ന കാട്ടാനകൾക്ക് മുന്നിൽപ്പെട്ടു. ജംഗ്ഷനിലെ കടകളിൽ ഉണ്ടായിരുന്നവരുടെ അവസരോചിത ഇടപെടലാണ് രക്ഷയായത്. ചെമ്പന്‍കുഴിയിലെ നഗരംപാറ ഫോറസ്റ്റ് സ്‌റ്റേഷന് സമീപം വ്യാഴാഴ്ച രാവിലെ 7.30നാണ് സംഭവം.
അതുവഴി വന്ന ബൈക്ക് യാത്രികനായ ചെമ്പന്‍കുഴി പറമ്പേത്ത് പുഷ്പനാണ് കാട്ടുകൊമ്പൻമ്മാരുടെ മുന്നിലകപ്പെട്ടത്. സമീപത്തെ കടകളില്‍ ഉണ്ടായിരുന്നവര്‍ ബഹളം കൂട്ടിയതോടെയാണ് ആന ഓടി വനത്തിലേക്ക് കയറിയത്. കാഞ്ഞിരവേലി വനത്തില്‍നിന്നും പെരിയാര്‍ കടന്ന് ചെമ്പന്‍കുഴി വനത്തിലേക്ക് പോകുകയായിരുന്നു കൊമ്പന്മാര്‍.
ആഴ്ചകളായി പ്രദേശത്ത് ചുറ്റിക്കറങ്ങുന്ന കൊമ്പന്മാര്‍ പ്രദേശവാസികള്‍ക്ക് ഭീഷണിയായിരിക്കുകയാണ്. താലൂക്കിൽ കാട്ടാന ശല്യം അതി രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ തിങ്കളാഴ്ച പുന്നേക്കാട് – തട്ടേക്കാട് റോഡിൽ കാട്ടാനക്ക് മുന്നിൽപ്പെട്ട സ്‌കൂട്ടർ യാത്രികൻ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. സ്‌കൂട്ടർ തകർത്താണ് ആന കലിപ്പൊടുക്കിയത്.




















































