കോതമംഗലം: കുട്ടമ്പുഴ പുഴയില്‍ സത്രപ്പടി ഭാഗത്ത് ഏറെനേരം നീണ്ട കാട്ടാനക്കൂട്ടത്തിന്റെ നീരാട്ട് കൗതുകകാഴ്ചയായി. ഇരുപതിലേറെ കാട്ടാനകളുടെ വലിയ കൂട്ടം ബുധനാഴ്ച ഉച്ചയോടെയാണ് സത്രപ്പടിഭാഗത്ത് പുഴയിലിറങ്ങിയത്. തുണ്ടം വന്നത്തില്‍ നിന്നുമാണ് ആനക്കൂട്ടം നീരാട്ടിനെത്തിയത്. മുന്‍പും വെയിലിന് കാഠിന്യമായാല് ഇവിടെ ആനകൂട്ടം നീരാട്ടിനെത്താറുണ്ട്. ആനക്കൂട്ടം പുഴയിലിറങ്ങിയത് അറിഞ്ഞ് കുട്ടമ്പുഴ ടൗണില്‍ നിന്നടക്കം ആളുകള്‍ കാഴ്ചക്കാരായെത്തി. അതുവഴി കടന്ന് പോയ വാഹന യാത്രക്കാരും വഴിയരികില്‍ ഏറെനേരം വിസ്മയ കാഴ്ച ആസ്വദിച്ചു.
കുട്ടിയാനകള്‍ മുതല്‍ വലിയ കൊമ്പന്മാര്വരെഉള്പ്പെട്ട ആനക്കൂട്ടം പുഴയില്‍ കുളിക്കുകയും വെള്ളത്തില്‍ കളിക്കുകയും ചെയ്യുന്നത് മനോഹരകാഴ്ചയായിരുന്നു. വെള്ളത്തില്‍ കുത്തിമറിഞ്ഞും പായല്‍ തിന്നും പുഴയില്‍ തിമിര്‍ത്ത ആനകള്‍ സന്ധ്യ മയങ്ങിയശേഷമാണ് മടങ്ങിയത്.
ആനകള്‍ ഇവിടെ കൂട്ടമായി എത്താറുണ്ടെങ്കിലും ഇത്തരത്തില്‍ വലിയ ആനക്കൂട്ടം ഒരുമിച്ച് പുഴയില്‍ നീരാട്ടിന് ഇറങ്ങുന്ന കാഴ്ച അപൂര്‍വമാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.



















































