കോതമംഗലം: പത്ത് വർഷമായി മുടങ്ങിക്കിടന്ന ഗ്രാമീണ റോഡുകളുടെ നവീകരണം വേഗത്തിലാക്കുന്നതിന്റെ ഭാഗമായി 6.25 കോടി രൂപ ചെലവിൽ ഊന്നുകൽ–തേൻകോട് റോഡ്, ചാത്തമറ്റം–ഊരംകുഴി റോഡ്, കുത്തുകുഴി–കുടമുണ്ട–കോഴിപ്പിള്ളി കുടമുണ്ട, പിടവൂർ–ഇഞ്ചൂർ പള്ളിപ്പടി ഭാഗങ്ങളുടെയും നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ടെൻഡർ നടപടികൾ പൂർത്തിയാക്കി കരാറുകാരന് സൈറ്റ് കൈമാറി നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
ശബരിമല പാത വികസനത്തിന്റെ ഭാഗമായി ഫെസ്റ്റിവൽ ഫണ്ടിൽനിന്നാണ് പദ്ധതിക്ക് തുക അനുവദിച്ചത്. മൂന്ന് റീച്ചുകളിലായാണ് നിർമാണം. ഇതിൽ ഊന്നുകൽ–തേൻകോട് റോഡിലെ ഒന്നര കിലോമീറ്റർ ഭാഗത്തിന്റെ നിർമാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ ആരംഭിച്ചത്. ലെവൽസ് എടുത്ത് പ്രാരംഭ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
നിലവിൽ ശരാശരി മൂന്നര മീറ്റർ മാത്രം വീതിയുള്ള റോഡുകൾ അഞ്ചര മീറ്റർ വീതിയിലേക്ക് വികസിപ്പിച്ച് ബിഎം ആൻ്റ് ബിസി നിലവാരത്തിൽ ടാറിങ് നടത്തും. ആവശ്യമായ സ്ഥലങ്ങളിൽ കൾവേർട്ടുകളും ഡ്രൈനേജുകളും ഐറിഷ് ഡ്രെയിനുകളും നിർമിക്കും.
വെള്ളക്കെട്ട് അനുഭവപ്പെടുന്ന ഭാഗങ്ങളിൽ റോഡ് ഉയർത്തുന്നതിനും സംരക്ഷണഭിത്തികൾ നിർമിക്കുന്നതിനും പദ്ധതിയിൽ വ്യവസ്ഥയുണ്ട്. റോഡ് വികസനത്തിന് തടസ്സമായ ഇലക്ട്രിക് പോസ്റ്റുകൾ മാറ്റിസ്ഥാപിക്കുന്ന നടപടികളും നടക്കും.റോഡ് സുരക്ഷയ്ക്കായി റിഫ്ലക്ടറുകൾ, റോഡ് സ്റ്റഡുകൾ, സൈൻ ബോർഡുകൾ, സീബ്രാ ലൈനുകൾ, റോഡ് മാർക്കിങ്ങുകൾ എന്നീ സംവിധാനങ്ങളും ഒരുക്കും.
ഊന്നുകൽ–തേൻകോട് റോഡ് നിർമാണത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ഷിബു തെക്കുംപുറം എംഎൽഎ, കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോർജ്, കോൺഗ്രസ് കവളങ്ങാട് ബ്ലോക്ക് പ്രസിഡന്റ് ബാബു ഏലിയാസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി ജേക്കബ്, ജില്ലാ പഞ്ചായത്ത് അംഗം ജോമി തെക്കേക്കര മറ്റ് ബ്ലോക്ക് പഞ്ചായത്ത് അംഗം പി. സിദ്ദിഖ്, വാർഡ് മെമ്പർ കുലുസു സലിം എന്നിവർക്കൊപ്പമെത്തി വിലയിരുത്തി.


















































