കോതമംഗലം: പോലീസ് കണ്ണൂരിൽ നിന്നെത്തിച്ച അർജുൻ ആയങ്കിയെ വെള്ളിയാഴ്ച രാത്രി ഏഴരയോടെ കോതമംഗലം മജിസ്ട്രേട്ടിനു മുൻപിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവിടത്തെ കേസുകളുടെ അന്വേഷണത്തിനും തെളിവെടുപ്പിനുമായി തിങ്കളാഴ്ച പൊലീസ് കസ്‌റ്റഡിയിൽ വാങ്ങും.
കോതമംഗലം ഇൻസ്പെക്ടർ കെ.ആർ. പ്രശാന്ത് കുമാറിനെ സമൂഹമാധ്യമം വഴി ഭീഷണിപ്പെടുത്തിയതിനും ഈ സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിയ ഊന്നുകൽ ഇൻസ്പെക്ടർ ബി.എസ്. ആദർശിന് ഇൻസ്‌റ്റഗ്രാമിൽ വെല്ലുവിളി സന്ദേശം അയച്ചതിനുമുള്ള കേസുകളിലാണ് അന്വേഷണം പൂർത്തീകരിക്കേണ്ടത്. 2 കേസുകളിലും കുട്ടമ്പുഴ ഇൻസ്പെക്‌ടർ എ. ഷൈൻ കുമാറിനാണ് അന്വേഷണ ചുമതല. പുന്നേക്കാട് റിസോർട്ടിൽ നിന്നു ക്രിമിനൽ ഗൂഢാലോചന കേസിൽ പിടിയിലായ അർജുൻ ആയങ്കിക്കു കോതമംഗലം മജിസ്ട്രേട്ട് കോടതി നൽകിയ ജാമ്യവും റദ്ദാക്കിയിട്ടുണ്ട്.
കോതമംഗലം ഇൻസ്പെക്ടറെ ഭീഷണിപ്പെടുത്തിയതോടെ ജാമ്യവ്യവസ്‌ഥ ലംഘിച്ചതായി കണ്ടെത്തിയതിനാലാണു ജാമ്യം റദ്ദാക്കിയത്. ഇപ്പോൾ കോതമംഗലത്ത് രണ്ടും ഊന്നുകല്ലിൽ ഒരു കേസും അർജുൻ ആയങ്കിക്കെതിരെയുണ്ട്.


















































