കോതമംഗലം: കുട്ടമ്പുഴ പൂയംകുട്ടിപുഴയില്‍ ഒഴുകിയെത്തിയ കാട്ടാനയുടെ ജഡം നാലാം ദിവസം കരയ്ക്കടുപ്പിച്ചു. കണ്ടംപാറ ഭാഗത്ത് പുഴക്ക് നടുവിലെ പാറപ്പുറത്ത് ശനിയാഴ്ചയായിരുന്നു ജഡം കണ്ടെത്തിയത്. പുഴയിലെ ഉയര്‍ന്ന ജലനിരപ്പും ശക്തമായ ഒഴുക്കും കാരണം ജഡം കരക്കെത്തിക്കാനായില്ല.
ജഡം ഒഴുകി പോകാതിരിക്കാന്‍ അഗ്നി രക്ഷാസേന ജഡത്തില്‍ വടംകെട്ടി മരവുമായി ബന്ധിച്ചിരുന്നു. ഒരാഴ്ചയിലേറെ പഴക്കമുള്ള ജഡം ചീഞ്ഞഴുകി തുടങ്ങിയിരുന്നു. കൊമ്പന്റെ ജഡം എന്നാണ് നിഗമനം. മസ്തകത്തില്‍ കൊമ്പുകള്‍ ഉണ്ടായിരുന്നില്ല. ഇക്കാര്യം വെറ്റനറി ഡോക്ടറുടെ പരിശോധനയിലെ വ്യക്തമാകുകയുള്ളൂവെന്ന് അധികൃതര്‍ പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ മുതല്‍ നടത്തിയ ശ്രമം വൈകിട്ടോടെയാണ് പൂര്‍ത്തിയായത്. ജെ.സി.ബി. സഹായത്തോടെ പുഴ തീരത്തേക്ക് വഴിവെട്ടി വനപാലകരും വാച്ചര്‍മാരും ചേര്‍ന്ന് ജഡം വലിച്ചുകയറ്റുകയായിരുന്നു. ബുധനാഴ്ച ഫോറസ്റ്റ് വെറ്റനറി സര്‍ജന്റെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തി ജഡം സംസ്‌കരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.


















































