- ബിബിൻ പോൾ എബ്രഹാം
കുട്ടമ്പുഴ : കനത്ത മഴയിൽ മണികണ്ഠൻ ചാൽ മേഖലയിലെ വീടുകളിൽ വെള്ളം കയറി. ചാപ്പത്ത് മുങ്ങിയതോടെ മണികണ്ഠൻ ചാൽ, വെള്ളാരംകുത്ത്, ഉറിയംപെട്ടി എന്നിവിടങ്ങളിലെ ജനങ്ങൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്. കനത്ത മഴയെ തുടർന്ന് ചാപ്പത്തിലേക്ക് ഉള്ള റോഡിന്റെ ഇരുവശത്തും മണ്ണിടിഞ്ഞിട്ടുണ്ട്. കൂടാതെ കുട്ടമ്പുഴ മേഖലയിൽ പലയിടത്തും മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. അട്ടിക്കളം, സത്രപ്പടി എന്നിവിടങ്ങളിൽ വീടിന്റെ സംരക്ഷണ ഭിത്തി തകർന്ന് അപകടവസ്ഥയിലാണ്. പൂയംകുട്ടി പുഴയിൽ വെള്ളം കൂടിയതോടെ ബ്ലാവന കടത്തു നിർത്തിവെച്ചിരിക്കുകയാണ്. ബസ് സർവീസുകൾ പൂയംകുട്ടി വരെ മാത്രമാണ് ഇപ്പോൾ സർവിസ് നടത്തുന്നത്. ഉരുളൻതണ്ണിയിൽ റോഡിൽ വെള്ളം പൊങ്ങിയതിനെത്തുടർന്ന് പിണവൂർകുടി , മാമലക്കണ്ടം തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള ഗതാഗതവും സ്തംഭിച്ചു. വെള്ളപ്പൊക്ക ദുരിതം നേരിടുന്ന പ്രദേശങ്ങളിൽ ഷിബു തെക്കുംപുറം സന്ദർശനം നടത്തി.