മൂവാറ്റുപുഴ: എട്ടുവയസുകാരനെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്ന യുവതിയ്ക്കെതിരായ പരാതി വ്യാജമെന്ന് കണ്ടെത്തി മൂവാറ്റുപുഴ പോക്സോ കോടതി. 2021 ഏപ്രിൽ 15 മുതൽ മെയ് ഒന്നുവരെ ആൺകുട്ടിയെ യുവതി നിരന്തരമായി പീഡിപ്പിച്ചുവെന്ന് ഉരുളൻതണ്ണി സ്വദേശിനിയായ അമ്മ നൽകിയ പരാതിയെ തുടർന്ന് 2022 സെപ്റ്റംബർ നാലിനാണ് കുട്ടമ്പുഴ പോലീസ് കേസെടുത്തത്.
തുടർന്നുള്ള അന്വേഷണത്തിൽ പരാതി വ്യാജമാണെന്ന് പോലീസ് കണ്ടെത്തി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ആൺകുട്ടി ബന്ധുവീട്ടിൽ എത്തിയപ്പോൾ യുവതി പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. എന്നാൽ പരാതിയിൽ പറയുന്ന സമയം ആൺകുട്ടിയും അമ്മയും അവിടെ താമസിച്ചിട്ടില്ലെന്ന് പോലീസ് കണ്ടെത്തി. രേഖകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലുള്ള റിപ്പോർട്ട് പരിഗണിച്ച കോടതി കേസ് റദ്ദ് ചെയ്യുവാൻ അനുമതി നൽകി. ഇതിനിടെ യുവതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചെങ്കിലും കോടതി ആവശ്യം തള്ളി.
യുവതിയെ പ്രായപൂർത്തിയാകുന്നതിന് മുമ്പ് ആൺകുട്ടിയുടെ ബന്ധു പീഡിപ്പിച്ചുവെന്ന സംഭവത്തിൽ ഇയാൾക്കെതിരെ പോക്സോ പ്രകാരം പരാതി നൽകിയിരുന്നു.
ഈ കേസിൽ ഇടുക്കി ഫാസ്റ്റ് ട്രാക്ക് കോടതി ഇയാളെ ശിക്ഷിച്ചിരുന്നു.
ആൺകുട്ടിയുടെ ബന്ധുവിനെതിരെ യുവതി പീഡന പരാതി നൻകിയതിന്റെ വൈരാഗ്യത്തിലാണ് യുവതിക്ക് എതിരെ വ്യാജ പരാതി സമർപിച്ചതെന്ന് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു. പരാതി വ്യാജമാണെന്ന് തെളിയിക്കുന്ന ആൺ കുട്ടിയുടെയും അമ്മയുടെയും മൊഴിയിലെ വൈരുധ്യവും പോലീസ് റിപ്പോർട്ടിലുണ്ടായിരുന്നു. കുട്ടമ്പുഴ സിഐ ആയിരുന്ന എസ് ഷൈൻ, എസ്ഐ അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.
പോലീസ് റിപ്പോർട്ട് പരിഗണിച്ച് യുവതിയ്ക്കെതിരായ പരാതി വ്യാജമാണെന്നത് പോക്സോ സ്പെഷ്യൽ ജഡ്ജി എ സമീർ ശരിവച്ചു. എറണാകുളം റൂറൽ ജില്ലയിൽ പോക്സോ കോടതി പരിഗണിച്ച ഇത്തരത്തിലുള്ള ആദ്യ കേസാണിത്.

















































