കുട്ടമ്പുഴ: വൻമരം കടപുഴകി റോഡിൽ പതിച്ചു. വാഹനഗതാഗതവും, വൈദ്യുതിയും നിലച്ചു. സത്രപ്പടി ഗവ.എൽ.പി.സ്കൂളിനു മുന്നിൽ നിന്ന 60 വർഷത്തിലേറെ പഴക്കമുളള മഴമരമാണ് റോഡിനു കുറുകെ വീണത്. തൊട്ടടുത്ത വാഴയിൽ മർക്കോസിന്റെ വീടിന്റെ മതിൽ തകരുകയും, സാലി എൽദോസിന്റെ പശുവിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. കുട്ടമ്പുഴ – തട്ടേക്കാട് റോഡ് നവീകരണവുമായി ബന്ധപ്പെട്ട് നടന്നു വരുന്ന ഓട തീർക്കലിനിടയിലാണ് മരം വീണത്. അപകടഭീക്ഷണിയായി നിന്ന മരം മുറിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
ലോക് ഡൗൺ ആയതിനാൽ റോഡിൽ വാഹനങ്ങളും, വഴിയാത്രക്കാരും ഇല്ലാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി. കോതമംഗലം ഫയർഫോഴ്സ്, പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.എ. സിബി, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ മരം മുറിച്ചു നീക്കി. വൈദ്യുതി ലൈനിലേക്ക് വീണതിനാൽ നാട് ഇരുട്ടിലായി.