കോതമംഗലം: ബ്ലോക്ക് പഞ്ചായത്ത് പല്ലാരിമംഗലം ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ അടിവാട് കൃഷിഭവന് സമീപം നിർമ്മിച്ച വനിതാ ക്ഷേമകേന്ദ്രം എം എൽ എ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലിം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ മൊയ്തു മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം ഒ ഇ അബ്ബാസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷംസുദ്ധീൻ മക്കാർ, പി എം സിദ്ധീഖ്, ഷമീന അലിയാർ, എ എ രമണൻ, നിസാമോൾ ഇസ്മയിൽ, കൃഷി ആഫീസർ ജാസ്മിൻ തോമസ്, സി ഡി എസ് മെമ്പർ ഷാജിത സാദിഖ്, എം എം ബക്കർ, പി കെ മുഹമ്മദ്, പി എം ഹസ്സൻകുഞ്ഞ്, എം എം അബ്ദുൾ റഹ്മാൻ, സി എച്ച് മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.
അടിവാട് ടൗണിൽ പൊതു ടോയ്ലറ്റ് സൗകര്യം വേണമെന്ന ജനങ്ങളുടെ വർഷങ്ങളായിട്ടുള്ള ആവശ്യം പരിഗണിച്ച് രണ്ട് ടോയ്ലറ്റുകളും ഇതോടനുബന്ധിച്ച് സജ്ജമാക്കിയിട്ടുണ്ടെന്നും ടൗണിലെത്തുന്ന യാത്രക്കാർക്കും, കച്ചവടക്കാർക്കുമെല്ലാം ഇത് ഏറെ പ്രയോജനം ചെയ്യുമെന്നും ബ്ലോക്ക് ഡിവിഷൻ മെമ്പർ ഒ ഇ അബ്ബാസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് വേളയിൽ ജനങ്ങൾക്ക് നൽകിയ ഉറപ്പ് പാലിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും ബ്ലോക്ക് പഞ്ചായത്തംഗം പറഞ്ഞു.