കുട്ടമ്പുഴ: വിവാദത്തിലുള്ള ഓള്‍ഡ് ആലുവ- മൂന്നാര്‍ റോഡിന്റെ (രാജപാത) ഉടമസ്ഥാവകാശം സംബന്ധിച്ച വനംവകുപ്പിന്റെ വാദം പൊളിയുന്നു. 1919 മുതല്‍ ഈ റോഡ് റവന്യൂ, പൊതുമരാമത്ത് വകുപ്പുകളുടേതാണെന്ന് വ്യക്തമാക്കി എറണാകുളം ജില്ല കളക്ടര്‍ റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും, പട്ടികജാതി പട്ടികവര്‍ഗ ഗോത്ര കമ്മീഷനും റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഓള്‍ഡ് ആലുവ- മൂന്നാര്‍ രാജപാത ഗതാഗത യോഗ്യമാക്കിയാല്‍ ഇടമലക്കുടി പഞ്ചായത്തിലെ ഗോത്രജനതയ്ക്കുണ്ടാകുന്ന പ്രയോജനം ചൂണ്ടിക്കാട്ടി ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഷാജി പയ്യാനിക്കല്‍ പട്ടികജാതി, പട്ടികവര്‍ഗ ഗോത്രകമ്മീഷന് ഹര്‍ജി നല്‍കിയിരുന്നു.
ഹര്‍ജിയില്‍ തെളിവെടുപ്പിന്റെ ഭാഗമായി കമ്മീഷന്‍ നിര്‍ദ്ദേശിച്ച പ്രകാരമാണ് ജില്ല കളക്ടര്‍ കഴിഞ്ഞദിവസം വിശദമായ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കുട്ടമ്പുഴ – മാങ്കുളം – ഇടമലക്കുടി പഞ്ചായത്തുകളിലെയും, കുറത്തികുടി മേഖലയിലെയും ഉള്‍പ്പെടെ 65 ട്രൈബല്‍ ഊരുകളിലേയ്ക്ക് അടിസ്ഥാന ഗതാഗത സൗകര്യങ്ങള്‍ എത്തുന്നതിനും, ഓള്‍ഡ് ആലൂവ – മൂന്നാര്‍ (രാജപാത) പിഡബ്ല്യുഡി റോഡ് പുനര്‍ ഗതാഗതയോഗ്യമാക്കുന്നതിനും അഡ്വ. അനില്‍ എസ്.രാജ്, അഡ്വ.എ.സി ദേവസ്യാ, അഡ്വ. മാതൃൂ ദേവസ്യാ എന്നിവര്‍ ഹൈക്കോടതിയില്‍ നിയമ പോരാട്ടം നടത്തിവരികയാണ്.
പഴയ തിരുവിതാംകൂര്‍ രാജഭരണകാലത്ത് പുറപ്പെടുവിച്ച 1919 മേയ് 1ലെ ഡിസഫോറസ്റ്റേഷന്‍ വിജ്ഞാപന പ്രകാരം മലയാറ്റൂര്‍ റിസര്‍വ് വനമേഖലയില്‍ ഹൈറേഞ്ച് റോഡ് നിര്‍മ്മാണത്തിനായി തട്ടേക്കാട് കടവ് മുതല്‍ പെരുമ്പന്‍കുത്ത് വെള്ളച്ചാട്ടം വരെയുള്ള ഭാഗത്തെ 76 അടി വീതിയില്‍ റോഡ്, ക്യാമ്പ് ഷെഡുകള്‍, ക്വാറികള്‍ എന്നിവയ്ക്കായി വനഭൂമി ഒഴിവാക്കി 325.98 ഏക്കര്‍ ഭൂമി പൊതുമരാമത്ത് വകുപ്പിന് കൈമാറിയിട്ടുള്ളതാണന്ന് ജില്ല കളക്ടറുടെ റിപ്പോര്‍ട്ടിലുണ്ട്. 16 അടി വീതിയില്‍ റോഡും ഇരുഭാഗത്തുമായി 60 അടി ബഫര്‍സോണും ഉള്‍പ്പെടെയാണ് 76 അടിവീതി നിശ്ചയിച്ചിട്ടുള്ളത്. ഇതില്‍ പൂയംകുട്ടിമുതല്‍ പെരുമ്പന്‍കുത്ത് വരെയുള്ള 157.5 ഏക്കറിലാണ് വനംവകുപ്പ് അവകാശവാദം ഉന്നയിച്ചിരുന്നത്.
എന്നാല്‍ 1919മുതല്‍ നാളിതുവരെ റോഡിന്റെ ഉടമസ്ഥാവകാശം പൊതുമരാമത്ത് വകുപ്പില്‍ നിഷിപ്തമാണെന്ന് തെളിയിക്കുന്ന മറ്റൊരു തെളിവും കളക്ടറുടെ റിപ്പോര്‍ട്ടില്‍ പരമാര്‍ശിച്ചിട്ടുണ്ട്. 1980 നവംബര്‍ 13ന് രാജപാതയ്ക്ക് ഉള്ളിലുള്ള പിണ്ടിമേട് ഭാഗത്ത് കെ.എസ്.ഇ.ബി ജലവൈദ്യുത പദ്ധതി ആരംഭിച്ചപ്പോള്‍ ഈ റോഡ് താല്ക്കാലികമായി കെഎസ്ഇബിക്ക് കൈമാറിയത് പിഡബ്ല്യുഡി ആണ്. പദ്ധതി പൂര്‍ത്തീകരണത്തിന് ശേഷം യാതൊരവകാശവാദങ്ങളും കൂടാതെ റോഡ് തിരികെ പിഡബ്ല്യുഡിക്ക് കൈമാറണമെന്നും അതില്‍ വ്യവസ്ഥ ചെയ്തിരുന്നു. കൂടാതെ വനംവകുപ്പ് അവകാശവാദം ഉന്നയിക്കുന്ന ഭാഗങ്ങള്‍ ബിടിആര്‍ രേഖകള്‍ പ്രകാരം കുട്ടമ്പുഴ വില്ലേജിന്റെ പരിധിയില്‍ വരുന്നതാണെന്നും റോഡിന്റെ ഉടമസ്ഥാവകാശം സംസ്ഥാന സര്‍ക്കാരില്‍ നിഷിപ്തമാണെന്നുമാണ് കളക്ടറുടെ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം.രാജപാതക്കയി നിയമപോരാട്ടം നടത്തുന്ന അഭിഭാഷകര്‍ക്ക് റോഡ് ആക്ഷന്‍ കൗണ്‍സില്‍ ആശംസകള്‍ അറിയിച്ചു.
വനംവകുപ്പ് കൈയ്യേറിയത് 2010ല്‍.
പതിറ്റാണ്ടുകളായി റവന്യൂ – പൊതുമരാമത്ത് വകുപ്പുകളുടെ അധീനതയില്‍ ഇരുന്നതും പൊതുജനങ്ങള്‍ യഥേഷ്ടം ഉപയോഗിച്ചിരുന്നതുമായ റോഡ് 2010ലാണ് വനംവകുപ്പ് അനധികൃതമായി കൈവശപ്പെടുത്തിയത്. 2011ല്‍ ഈ റോഡിലൂടെയുള്ള ഗതാഗതം തടഞ്ഞ് പൂയംകുട്ടിയില്‍ വനംവകുപ്പ് ചെക്കുപോസ്റ്റും സ്ഥാപിച്ചു. 2025 മാര്‍ച്ച് 16ന് നാട്ടുകാരുടെ നേതൃത്വത്തില്‍ ചെക്കുപോസ്റ്റ് പൊളിച്ചുനീക്കി. ഇതേത്തുടര്‍ന്ന് വനംവകുപ്പ് 24 പേര്‍ക്കെതിരെ കേസ് എടുത്തെങ്കിലും യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഈ കേസുകള്‍ എല്ലാം പിന്‍വലിച്ചു.



















































