കോതമംഗലം: നേര്യമംഗലത്ത് ടൂറിസം വികസനത്തിന് പുതിയ ചുവടുവയ്പ്. ബോട്ട് ജെട്ടി പ്രവര്‍ത്തനക്ഷമമാക്കാന്‍ നടപടി ആരംഭിച്ചു. നേര്യമംഗലത്തിന്റെ വിനോദസഞ്ചാര സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി മികച്ച ടൂറിസ്റ്റ് കേന്ദ്രമായി വികസിപ്പിക്കുന്നതിനുള്ള സമഗ്ര പദ്ധതിയാണ് തയ്യാറായി വരുന്നത്. നേര്യമംഗലത്ത് 50 ലക്ഷം രൂപ ചെലവില്‍ നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടും ഉപയോഗിക്കാതെ കിടക്കുന്ന ബോട്ട് ജെട്ടി പ്രവര്‍ത്തനക്ഷമമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ജെട്ടി ഇപ്പോള്‍ സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്. ഇറിഗേഷന്‍ വകുപ്പിന്റെ കൈവശമുള്ള ആറേക്കര്‍ സ്ഥലത്ത് മനോഹരമായ ഉദ്യാനവും പാര്‍ക്കും ഒരുക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കും. നേര്യമംഗലത്തിന്റെ പ്രകൃതിഭംഗിയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും പ്രയോജനപ്പെടുത്തി സഞ്ചാരികളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള വികസനമാണ് ലക്ഷ്യമിടുന്നത്.
മൂന്നാറിലേക്കുള്ള പ്രധാന പ്രവേശന കവാടമായ നേര്യമംഗലം ഫാം കൂടുതല്‍ ആകര്‍ഷകമായ വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കും. സഞ്ചാരികള്‍ക്ക് ഫാം സന്ദര്‍ശിക്കാനുള്ള സൗകര്യങ്ങള്‍, ഫാമിലെ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനുള്ള നഴ്സറി, താമസ സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി ഫാമിന്റെ വികസനത്തിനും പദ്ധതി തയ്യാറാക്കും. നേര്യമംഗലത്തിന്റെ ടൂറിസം സാധ്യതകളെ അടിസ്ഥാനമാക്കി സമഗ്ര ടൂറിസം പാക്കേജ് രൂപീകരിച്ച് സര്‍ക്കാരിന് സമര്‍പ്പിക്കാനാണ് തീരുമാനം.നേര്യമംഗലത്തിന്റെ ടൂറിസം വികസനവുമായി ബന്ധപ്പെട്ട വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും ബന്ധപ്പെട്ട വകുപ്പുകളുമായി ചേര്‍ന്ന് പദ്ധതികള്‍ക്ക് രൂപം നല്‍കുകയും ചെയ്യുന്നതിന്റെ ഭാഗമായി തുടര്‍നടപടികള്‍ സ്വീകരിക്കും.ഷിബു തെക്കുംപുറം എംഎല്‍എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും നേര്യമംഗലം ബോട്ടുജെട്ടി സന്ദര്‍ശിച്ചു. ഡിസംബര്‍ 5-ാം തീയതി മുതല്‍ നേര്യമംഗലം ബോട്ടുജെട്ടിയില്‍ ബോട്ടുകള്‍ എത്തിത്തുടങ്ങുമെന്ന് ഷിബു തെക്കുംപുറം എംഎല്‍എപറഞ്ഞു.























































