കോതമംഗലം: ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയപള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധനായ യൽദോ മാർ ബസ്സേലിയോസ് ബാവായുടെ 341-ാമത് ഓർമ്മപ്പെരുന്നാൾ (കന്നി 20) ന് വികാരി ഫാ. സാജു ജോർജ് കുരിക്കപ്പിള്ളിൽ കൊടിയുയർത്തി. ചക്കാലക്കുടി ചാപ്പലിൽ നിന്ന് പ്രദക്ഷണമായി പള്ളിയിൽ എത്തിച്ചേർന്ന് ധൂപ പ്രാർത്ഥനയ്ക്ക് ശേഷമാണ് കൊടിയുയർത്തിയത്. ചക്കാലകുടിയിൽ നിന്ന് ആരംഭിക്കുന്ന പ്രദിക്ഷിണത്തിന് ചരിത്ര സ്മരണകൾ ഉയർത്തി ചക്കാലനായർ തറവാട്ടിലെ ഇളമുറക്കാരനായ ചക്കാലക്കൽ സുരേഷ് ഈ തവണയും തൂക്ക് വിളക്കേന്തി.
പള്ളിയിൽ നടത്തിയ പ്രാർത്ഥനയ്ക്ക് മേഖല മെത്രാപ്പോലീത്ത ഏലിയാസ് മോർ യൂലിയോസ് പ്രധാന കാർമികത്വം വഹിച്ചു. സഹവികാരിമാരായ ഫാ. സിബി ഇടപ്പുളവൻ, ഫാ. എൽദോസ് ചെങ്ങമനാട്ട്, ഫാ. നോബി വെട്ടിച്ചിറ, ഫാ. അമൽ കുഴികണ്ടത്തിൽ, ഫാ. സിച്ചു രാജു, തന്നാണ്ട് ട്രസ്റ്റിമാരായ ബേബി പാറേക്കര, ബിനോയ് മണ്ണഞ്ചേരി, വർക്കിങ് കമ്മിറ്റി അഗംങ്ങൾ, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. സഭയിലെ നിരവധി വൈദീകർ, കന്യാസ്ത്രീകൾ , എംഎൽഎ ഷിബു തെക്കുംപുറം, മനോജ് മുത്തേടൻ, മാത്യു കുഴൽനാടൻ, മുനിസിപ്പൽ ചെയർപേഴ്സൺ ഭാനുമതി രാജു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു, മുൻ എം എൽ എ ആന്റണി ജോൺ, ഗവർമെന്റിന്റെ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ജന പ്രതിനിധികൾ എന്നിവരും ആയിരക്കണിക്കിന് വിശ്വാസികളും പങ്കെടുത്തു.
കൊടി ഉയർത്തലിനു ശേഷം കരിങ്ങാച്ചിറ സെന്റ് ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ നിന്നും പ്രത്യേകം തയ്യാറാക്കി കൊണ്ടുവന്ന തമുക്ക് നേർച്ച ഭക്തജനങ്ങൾക്കായി നൽകി. പരിശുദ്ധ ബാവ കോതമംഗലത് എത്തി ചേർന്നപ്പോൾ ബാവയെ കണ്ട് അനുഗ്രഹം പ്രാപിക്കാനായി കരിങ്ങാച്ചിറയിൽ നിന്നും വന്ന വിശ്വാസികൾ കൊണ്ടു വന്ന പലഹാരത്തിന്റെ അനുസ്മരണയിൽ ആണ് തമുക്ക് നേർച്ച നൽകുന്നത്. കരിങ്ങാച്ചിറ പള്ളിയിൽനിന്നും വികാരി ഫാ. ബേസിൽ ഷാജു, ഫാ. റിജോ ജോർജ്, ഫാ. ടിജോ മർക്കോസ്, ഭാരവാഹികൾ എന്നിവർ കൊടിയേറ്റിൽ പങ്കെടുത്തു.
പരി. യൽദോ ബാവ കാലം ചെയ്ത സമയത്ത് സ്വയം പ്രകാശിച്ച കൽക്കുരിശിലെ പെരുന്നാൾ ശനിയാഴ്ച നടത്തും. രാവിലെ വിശുദ്ധ അഞ്ചിന്മേൽ കുർബ്ബാനയ്ക്ക് മൂവാറ്റുപുഴ മേഖല മെത്രാപ്പോലീത്തയ ഗബ്രിയേൽ മോർ ഗ്രീഗറിയോസ് പ്രധാന കാർമികത്വം വഹിക്കും. ഉച്ച കഴിഞ്ഞ് 3ന് പെരുന്നാൾ കച്ചവടത്തിനുള്ള സ്റ്റാൾ ലേലം നടത്തും. വൈകുന്നേരത്തെ സന്ധ്യാ പ്രാർത്ഥനക്ക് ശേഷം വൈദ്യുത ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ നിർവ്വഹിക്കും. ഒക്ടോബർ 11 വരെ ദീപാലങ്കാരങ്ങൾ ഉണ്ടാകുമെന്നും സംഘാടകർ അറിയിച്ചു



















































