കോതമംഗലം: മഴയ്ക്കൊപ്പമുണ്ടായ ശക്‌തമായ കാറ്റിൽ വെള്ളിയാഴ്ച കുട്ടമ്പുഴ പഞ്ചായത്തിലും ഇന്ന് പിണ്ടിമന, കീരംപാറ പഞ്ചായത്തുകളിലും വ്യാപക നാശം. വെള്ളിയാഴ്ച പൂയംകുട്ടി റോഡിൽ ഒട്ടേറെ മരങ്ങൾ കടപുഴകി വീണു. ആനക്കയത്ത് മൈപ്പാൻ തങ്കച്ചന്റെ വീടിൻ്റെ മേൽക്കൂര കാറ്റിൽ പറന്നു.
വീട്ടിൽ ആളുണ്ടായിരുന്നെങ്കിലും ആർക്കും പരുക്കില്ല. ബ്ലാവന കടവ് മുതൽ പൂയംകുട്ടി റൂട്ടിലാണു മരങ്ങൾ വീണത്. കാറിനു കേടുപാടുണ്ട്. വൈദ്യുതലൈനും പോസ്‌റ്റുകളും തകർന്നു. അഗ്നിരക്ഷാസേനയെത്തി മരങ്ങൾ മുറിച്ചുനീക്കി.
ഇന്ന് മഴയ്ക്കെക്കൊപ്പം ഭീതിപ്പെടുത്തുന്ന കാറ്റും ഇടിമിന്നലുമുണ്ടായി. പിണ്ടിമന, കീരംപാറ പഞ്ചായത്തുകളിൽ വലിയ നാശമുണ്ട്. ഒടിഞ്ഞും കടപുഴകിയും നൂറുകണക്കിനു മരങ്ങൾ നിലംപൊത്തി. റോഡുകളിലും വീടുകൾക്കു മുകളിലും മരങ്ങൾ വീണു. റബർ, വാഴ, കമുക് തുടങ്ങി കാർഷിക വിളകൾക്കു നാശമുണ്ട്. ചെങ്കര താന്നിക്കൽ സണ്ണി പീറ്ററിന്റെ വീടിനു മരംവീണു കേടുപാടുണ്ടായി.
പൂച്ചക്കുത്ത് തെക്കേക്കര ഷാന്റോ മാത്യുവിൻ്റെ വീടിൻ്റെ മേച്ചിൽ ഓട് കാറ്റിൽ പറന്നു. വീണ മരങ്ങൾ അഗ്നിരക്ഷാസേന മുറിച്ചുനീക്കി. ലൈൻ പൊട്ടിയും പോസ്‌റ്റുകൾ ഒടിഞ്ഞും മേഖലയിലെങ്ങും വൈദ്യുതി മുടങ്ങി. വൈദ്യുതിവിതരണം പൂർണതോതിലാകാൻ വൈകും.





















































