കേതമംഗലം : ഒരു മാസത്തിലേറെ നീണ്ട ജനകീയ പ്രതിഷേധം ശക്തമാകുന്നതിനിടെ വാരപ്പെട്ടി മൈലൂർതടം വിവാദ കള്ള് ഷാപ്പ് മരം വീണ് തകർന്നു. ചൊവ്വാഴച രാവിലെയാണ്ഷാപ്പ് കെട്ടിടത്തിന് മുകളിലേക്ക് കൂറ്റൻ ആഞ്ഞിലി മരം വീണത്. പുരയിടത്തിലെ റബ്ബർ മരങ്ങൾ ഉൾപ്പെടെ വിൽപ്പനക്കായി മുറിക്കുന്നതിനിടെയാണ് കെട്ടിടത്തിന് മുകളിലേക്ക് കൂറ്റൻ ആഞ്ഞിലിമരം വീണത്. കെട്ടിടത്തിൻ്റെ മേൽക്കൂരയും ജനാലകളും ഭിത്തികളും തകർന്നു.
ഷാപ്പുടമയുടെ പരാതിയിൽ കെട്ടിട ഉടമയും മകനും ഉൾപ്പെടെ 5 പേരുടെ പേരിൽ പോത്താനിക്കാട് പോലിസ് കേസെടുത്തു. കെട്ടിട ഉടമയായ വയോധികനെ താമസത്തിന് എന്ന പേരിൽ തെറ്റിദ്ധരിപ്പിച്ചാണ് കെട്ടിടം ഷാപ്പുടമ വാടകയ്കെടുത്തത്. തുടർന്ന് മറ്റൊരു സ്ഥലത്ത് പ്രവർത്തിച്ചിരുന്ന കള്ള് ഷാപ്പ് ഇവിടേയ്ക്ക് മാറ്റി പ്രവർത്തനം ആരംഭിക്കുകയായിരുന്നു. ഇതിനെതിരെ മുപ്പത്തിയഞ്ച് ദിവസമായി ഷാപ്പിന് മുന്നിൽ പരിസര വാസികൾ പന്തൽ കെട്ടി സമരം നടത്തി വരികയായിരുന്നു. ഷിബു തെക്കുംപുറം എംഎൽഎയും വിവിധ സംഘടനകളും ഐക്യദാർഡ്യം അറിയിച്ച് സമരപന്തലിൽ എത്തിയിരുന്നു.



















































