കോതമംഗലം: പല്ലാരിമംഗലം പഞ്ചായത്തിലെ വെളിയംകുന്ന് നഗറിന്റെ ശോചനീയാവസ്ഥയെ തുടര്‍ന്ന് എസ്എച്ച്ആര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഫൗണ്ടേഷന്‍ കോതമംഗലം മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ സന്ദര്‍ശനം നടത്തി. മൈലൂര്‍ എംഎല്‍പിഎസ് അധ്യാപിക കെ.എസ് സൗദ സെന്‍സസ് ഡ്യൂട്ടിയുടെ ഭാഗമായി ദിവസങ്ങള്‍ക്ക് മുമ്പ് വെളിയംകുന്ന് നഗര്‍ സന്ദര്‍ശിക്കുകയും വെളിയംകുന്ന് നഗറിന്റെ ശോചനീയാവസ്ഥ നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് എസ്എച്ച്ആര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഫൗണ്ടേഷന്‍ പ്രവര്‍ത്തകര്‍ സ്ഥലം സന്ദര്‍ശിച്ചത്.
വിവരങ്ങള്‍ നേരിട്ടറിഞ്ഞ എസ്എച്ച്ആര്‍ പ്രവര്‍ത്തകര്‍ വെളിയംകുന്നിലെ അവസ്ഥ ബന്ധപ്പെട്ട അധികൃതരെ അറിയിക്കുമെന്നും ജനജീവിതത്തെ ബാധിക്കുന്ന പ്രയാസങ്ങള്‍ പരിഹരിക്കാന്‍ ഇടപെടുമെന്നും പ്രദേശവാസികള്‍ക്ക് ഉറപ്പ് നല്‍കി. എസ്എച്ച്ആര്‍ ജില്ലാ കോഡിനേറ്റര്‍ കെ.പി. വിജയന്‍, മണ്ഡലം സെക്രട്ടറി സീതി മുഹമ്മദ്, മണ്ഡലം കോഡിനേറ്റര്‍ കെ.എ യൂസുഫ് എന്നിവരാണ് പ്രദേശം സന്ദര്‍ശിച്ചത്.




















































