കോതമംഗലം :- കോതമംഗലം മണ്ഡലത്തിലെ കുട്ടമ്പുഴ പഞ്ചായത്തിനേയും,ഇടുക്കി ജില്ലയിലെ അടിമാലി പഞ്ചായത്തും തമ്മിൽ ബന്ധിപ്പിക്കുന്ന കുട്ടമ്പുഴ മേട്നാപാറക്കുടി മാമലക്കണ്ടം റോഡിൽ പന്തപ്ര കോളനിക്കു സമീപമുള്ള കൂട്ടിക്കുളം പാലം വീതി കൂട്ടി നിർമ്മിക്കുന്നതിന് 24 ലക്ഷം രൂപയുടെ പ്രത്യേക അനുമതി ലഭ്യമായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.
പ്രസ്തുത പാലത്തിന് വീതി കൂട്ടുന്നതിന് ആസ്തി വികസന ഫണ്ടിൽ നിന്നും 13 ലക്ഷം രൂപ അനുവദിച്ച് നിർമ്മാണം ആരംഭിച്ചപ്പോൾ 2018 ൽ ഉണ്ടായ പ്രളയത്തിന്റെ ഭാഗമായി ചെയ്ത പ്രവർത്തിക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു.തുടർന്ന് പാലം വീതി കൂട്ടുവാൻ കൂടുതൽ തുക വേണ്ടി വരികയും ചെയ്ത സാഹചര്യത്തിലാണ് സർക്കാർ 24 ലക്ഷം രൂപയുടെ പ്രത്യേക അനുമതി നല്കിയത്.എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നുമാണ് 24 ലക്ഷം രൂപ വിനിയോഗിക്കുന്നത്.
കുട്ടമ്പുഴയിൽ നിന്നും പന്തപ്ര വഴി മാമലക്കണ്ടത്തേക്കുള്ള റോഡ് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ ചെലവഴിച്ച് കോൺക്രീറ്റ് ചെയ്ത് നവീകരിച്ചിരുന്നു. കെ എസ് ആർ ടി സി യുടെ ജംഗിൾ സഫാരിയടക്കം നിരവധിയായ വാഹനങ്ങൾ സഞ്ചരിക്കുന്ന പ്രസ്തുത റോഡിലെ പാലത്തിന് വീതി കൂട്ടുന്നതോടെ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം സുഗമമാകുമെന്നും നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട തുടർ നടപടികൾ വേഗത്തിലാക്കുമെന്നും എം എൽ എ പറഞ്ഞു.