കോതമംഗലം: പിണ്ടിമന പഞ്ചായത്തില്‍ മാലിപ്പാറ കുളങ്ങാട്ടുകുഴി റോഡില്‍ സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ കാട്ടാനയുടെ മുന്നില്‍പ്പെട്ടു. കഴിഞ്ഞ ദിവസങ്ങളില്‍ പലയിടങ്ങളിലായി കണ്ട പിടിയാനയാണ് ഇവിടേയും പ്രത്യക്ഷപ്പെട്ടത്. ഈ സമയം ഒരു സ്‌കൂള്‍ ബസും ഇതുവഴി കടന്നുപോയി. അല്പസമയത്തിനുശേഷം റോഡില്‍ നിന്ന് ആന റബ്ബര്‍ തോട്ടത്തിലേക്ക് കയറി. ഹെക്ടര്‍കണക്കിന് വിസ്തീര്‍ണമുള്ള റബര്‍ എസ്റ്റേറ്റ് മേഖലയിലാണ് ആനയെ കണ്ടത്. ചൊവ്വാഴ്ച രാത്രി കാടിറങ്ങിയ ആന തിരികെ പോകാതെ എസ്റ്റേറ്റിലും പരിസരത്തെ കൃഷിയിടങ്ങളിലും തങ്ങിയെന്നാണ് നിഗമനം.
പട്ടാപ്പകലും ആന ഇറങ്ങിയതറിഞ്ഞ് നാട്ടുകാര്‍ തടിച്ചുകൂടി. പോലീസും വനപാലകരും സ്ഥലത്തെത്തി. വനപാലകര്‍ ആനയെ ഓടിക്കാനുള്ള ശ്രമം നടത്തിയപ്പോള്‍ നാട്ടുകാര്‍ എതിര്‍ത്തു. സമീപത്തെ ജനവാസമേഖലകളിലേക്ക് ആന എത്താനുള്ള സാധ്യതയാണ് നാട്ടുകാരുടെ എതിര്‍പ്പിന് കാരണമായത്. കോട്ടപ്പാറ പ്ലാന്റേഷനില്‍ നിന്ന് ഏതാനും കിലോമീറ്റര്‍ മാറിയുള്ള പ്രദേശത്താണ് ആനയെത്തിയത്. ജനവാസമേഖലയിലൂടെയല്ലാതെ ആനയ്ക്ക് പ്ലാന്റേഷനില്‍ തിരിച്ചെത്താനുമാകില്ല. ആനയെ കാടുകയറ്റാന്‍ വനപാലകരും നാട്ടുകാരും പിന്നാലെ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ എന്ന പോലെ ശാന്ത സ്വഭാവത്തിലായിരുന്നു പിടിയാന.
ആളുകള്‍ ബഹളം വച്ചപ്പോഴും അക്രമാസക്തയായില്ല. വളരെ സാവധാനം നടന്നുനീങ്ങുകയായിരുന്നു. രോഗമോ, പരിക്കോ ആനയെ അലട്ടുന്നുണ്ടെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. സാധാരണപോലെ തീറ്റയെടുക്കാനും ആനയ്ക്ക് കഴിയുന്നില്ലെന്നാണ് വനപാലകരുടേയും നിഗമനം. ആനയെ തുടര്‍ന്നും നിരീക്ഷിക്കാനാണ് തീരുമാനം.























































