മൂവാറ്റുപുഴ: മൂവാറ്റുപുഴ ട്രാഫിക് എസ്‌ഐയായി കെ.പി സിദ്ദിഖ് വീണ്ടും ചുമതലയേറ്റു. മൂവാറ്റുപുഴ നഗര വികസനത്തിന്റെ ഭാഗമായി ടാറിംഗ് പൂര്‍ത്തീകരിച്ച റോഡ് തുറന്നു നല്‍കിയതിനെ തുടര്‍ന്ന് രണ്ട് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്ത കെ.പി സിദ്ധിക്കാണ് 9 മാസങ്ങള്‍ക്ക് ശേഷം വീണ്ടും മൂവാറ്റുപുഴ ട്രാഫിക് എസ്‌ഐ ആയി ചുമതലയേറ്റത്. മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ടാറിംഗ് പൂര്‍ത്തിയാക്കിയ റോഡ് നാട മുറിച്ച് തുറന്ന് നല്‍കിയതിനെ തുടര്‍ന്നായിരുന്നു കെ.പി സിദ്ദിഖിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്. രഹസ്യന്വേഷണ വിഭാഗം അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയതിനെത്തുടര്‍ന്നാണ് കെ.പി സിദ്ദിഖിനെ സസ്‌പെന്‍ഡ് ചെയ്തത്.
എന്നാല്‍ ട്രാഫിക് എസ്‌ഐ കെ.പി സിദ്ദിഖിനെതിരെ നടപടി എടുത്തതിനെതിരെ മൂവാറ്റുപുഴ നഗരത്തില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. എല്‍ഡിഎഫിന്റെയും, യുഡിഎഫിന്റെയും രാഷ്ട്രീയ പോരാട്ടങ്ങള്‍ക്ക് കെ.പി സിദ്ദിഖിനെ ഇരയാക്കുകയായിരുന്നുവെന്നും ആരോപണമുയര്‍ന്നിരുന്നു. സസ്‌പെന്‍ഷന്‍ കാലാവധി അവസാനിച്ച ശേഷം കെ.പി സിദ്ദിഖ് മൂന്നര മാസം വാഴക്കുളം പ്രിന്‍സിപ്പല്‍ എസ്‌ഐയായും, മൂന്ന് മാസം അടിമാലി എസ്‌ഐയായും ചുമതലയേറ്റിരുന്നു. എന്നാല്‍ ഈ കാലയളവില്‍ മൂവാറ്റുപുഴയില്‍ ട്രാഫിക് എസ്‌ഐയുടെ തസ്തിക ഒഴിഞ്ഞ് തന്നെ കിടക്കുകയായിരുന്നു. മൂവാറ്റുപുഴ ട്രാഫിക് എസ്‌ഐ സ്ഥാനത്തേക്ക് താല്‍ക്കാലിക നിയമനം പോലും നടന്നിരുന്നില്ല. ഇത് നഗരത്തിന്റെ ഗതാഗത സംവിധാനത്തെ വലിയതോതില്‍ ബാധിച്ചിരുന്നു. തുടര്‍ന്നാണ് 9 മാസങ്ങള്‍ക്ക് ശേഷം കെ.പി സിദ്ദിഖ് തന്നെ മൂവാറ്റുപുഴ ട്രാഫിക് എസ്‌ഐ ആയി ചുമതലേറ്റത്.























































