കോതമംഗലം: കഴിഞ്ഞ അമ്പത് വര്‍ഷമായി വടാട്ടുപാറ ഒന്നാം വാര്‍ഡിലെ (പഴയ 5-ാം വാര്‍ഡ്) കുടുംബങ്ങൾ പട്ടയത്തിനായി മുട്ടാത്ത വാതിലുകളില്ല.ജോയിന്‍റ് വെരിഫിക്കേഷന്‍ വരെ നടത്തിയിട്ടും നാളിതുവരെ 500-ഓളം വരുന്ന ചെറുകിട കര്‍ഷകര്‍ക്ക് പട്ടയം ലഭിച്ചിട്ടില്ല. ഈ കുടുംബങ്ങൾക്ക് കൈവശ ഭൂമിക്ക് അടിയന്തിരമായി പട്ടയം നൽകണമെന്ന് കേരളാകോണ്‍ഗ്രസ് വടാട്ടുപാറ മണ്ഡലം നേതൃത്വയോഗം സംസ്ഥാന ഗവണ്‍മെന്‍റിനോട് ആവശ്യപ്പെട്ടു.
പട്ടയമില്ലാത്തതിനാല്‍ ലോണുകള്‍ എടുക്കുന്നതിനോ, വന്യമൃഗശല്യം മൂലം കൃഷി നാശം സംഭവിച്ചാല്‍ നഷ്ടപരിഹാരം കിട്ടുന്നതിനോ സാധിക്കുന്നില്ല. വടാട്ടുപാറയിലെ മറ്റു ചില വാർഡുകളിലെ കര്‍ഷകര്‍ക്കും പട്ടയം ലഭിക്കുവാനുണ്ട്. അടിയന്തിരമായി പട്ടയം ലഭ്യമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
നിയോജകമണ്ഡലം പ്രസിഡന്‍റ് എ.റ്റി. പൗലോസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് ജോബി കാരാംചേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ജോമി തെക്കെക്കര, ബാബു പോള്‍, കര്‍ഷക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജെയിംസ് കോറമ്പേല്‍, പി.ഐ. പൈലി, പി.വി. വറുഗീസ്, സാബു ജോസ്, പി.ഡി. ബേബി, ലിസി ജോസ്, എന്‍.ഒ. തങ്കച്ചന്‍,ഒ.എ. ജോര്‍ജ് , എന്‍.എം. ഏലിയാസ്, സണ്ണി പിച്ചാപ്പിള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു.



















































