പൈങ്ങോട്ടൂര്‍: മാത്യു കുഴല്നാടന് എംഎല്‍എയുടെ പൈങ്ങോട്ടൂരില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍നിന്ന് ഇലക്ട്രിക് വയറുകള്‍ മോഷ്ടിച്ച കേസില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മുര്‍ഷിദാബാദ് സ്വദേശിയായ ബിഷ്ണു മണ്ഡലിനെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. വീടിന്റെ ഇലക്ട്രിക് മെയിന്‍ ബോര്‍ഡിലേക്ക് ബന്ധിപ്പിച്ചിരുന്ന ഏകദേശം 50,000 രൂപ വിലവരുന്ന വയറുകളാണ് പ്രതി കവര്‍ന്നത്.
നിര്‍മ്മാണ മേല്‍നോട്ടം വഹിക്കുന്ന കുരൂര്‍ സ്വദേശി ഫ്രെഡി എല്‍ദോസിന്റെ പരാതിയില്‍ പോത്താനിക്കാട് പോലീസാണ് കേസെടുത്ത് അന്വേഷണം നടത്തിയത്. ഞായറാഴ്ച വൈകിട്ടോടെയായിരുന്നു മോഷണം. സിസിടിവി ദൃശ്യങ്ങളും മുന്‍കാല കുറ്റകൃത്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ ഊര്‍ജ്ജിത അന്വേഷണത്തിനൊടുവിലാണ് പ്രതി വലയിലായത്.
ബിഷ്ണു മണ്ഡല് മുന്‍പും സമാനമായ മോഷണക്കേസുകളില്‍ പ്രതിയായിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. മോഷണത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന കാര്യം പോലീസ് അന്വേഷിച്ചു വരികയാണ്.


















































