കോതമംഗലം: മാമലക്കണ്ടത്ത് വീണ്ടും കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. മാമലക്കണ്ടം കൊയ്നിപ്പാറയില്‍ ആളില്ലാതിരുന്ന വീട് കാട്ടാന തകര്‍ത്തു. ഈരന്തറയില്‍ സുകുമാരന്റെ വീടാണ് ചൊവ്വാഴ്ച രാത്രി നശിപ്പിച്ചത്. ആനപ്പേടിയും പ്രായാധിക്യവുംമൂലം സുകുമാരനും ഭാര്യയും മാമലക്കണ്ടത്താണ് താമസിക്കുന്നത്. ബുധനാഴ്ച കൃഷിയിടത്തില്‍ എത്തിയപ്പോഴാണ് വീട് തകര്‍ന്നുകിടക്കുന്നത് കണ്ടത്. വാര്‍ക്കവീടിന്റെ പിന്‍ഭാഗവും സിമന്റിഷ്ടികയില് നിര്മിച്ചഭിത്തിയും വാതിലും ജനല്കട്ടിളയും പുറത്തെ ഷീറ്റുമേഞ്ഞ ശുചിമുറിയും നശിപ്പിച്ചു. പറമ്പിലെ കമുക് മറിച്ചിട്ടു. മറ്റ് കൃഷികള്‍ക്കും നാശംവരുത്തി. ഒരുലക്ഷം രൂപയുടെ നഷ്ടമുണ്ട്. മുന്‍പ് പ്രദേശത്ത് 15 കുടുംബങ്ങളുണ്ടായിരുന്നു. ആനശല്യം വര്‍ധിച്ചതോടെ ഭൂരിഭാഗംപേരും താമസം മാറി. വനാതിര്‍ത്തിയിലെ വൈദ്യുതിവേലികള്‍ പ്രവര്ത്തനയോഗ്യമല്ലാത്തതാണ് ആനശല്യം കൂടാന്‍ കാരണം.

















































