കോതമംഗലം : സ്വന്തമായി ഭൂമിയും വീടും ഇല്ലാത്ത 17 കുടുംബങ്ങൾക്ക് ഭൂമി പകുത്തു നൽകി ധര്‍മ്മഗിരി സന്ന്യാസിനിമൂഹം.സഭയുടെ സ്ഥാപകനായ ജോസഫ് പഞ്ഞിക്കാരനച്ചന്‍ ധന്യപദവിയിലേക്ക് ഉയര്‍ത്തപ്പെട്ടതിന്‍റെ നന്ദിസൂചകമായി ധന്യൻ്റെ സ്‌മരണാർത്ഥമാണ് സമൂഹത്തിന് മാതൃകയായി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്ന ധർമ്മഗിരി സിസ്റ്റേഴ്സ് വലിയ കാരുണ്യ സ്പർശം നടത്തിയത്.
കുട്ടമ്പുഴ കുറ്റിയാംചാലില്‍ ഏഴ് സെന്‍റ് സ്ഥലം വീതമാണ് 17 കുടുംബങ്ങള്‍ക്ക് നല്‍കിയത്. ഷിബു തെക്കുംപുറം എംഎല്‍എ ഭൂമിയുടെ പ്രമാണങ്ങള്‍ കുടുംബങ്ങൾക്ക് കൈമാറി. ധര്‍മ്മഗിരി സന്ന്യാസഭയുടെ കോതമംഗലം സെന്‍റ് ജോസഫ്സ് പ്രൊവിന്‍സ് ആണ് ഒന്നരയേക്കറോളം സ്ഥലം ഇങ്ങനെ ദാനം ചെയ്തത്. സന്ന്യാസ സഭയുടെ ഉടസ്ഥതയിലുണ്ടായിരുന്ന വഴിയും വെള്ളവും വൈദ്യുതിയും തുടങ്ങി എല്ലാ സൗകര്യങ്ങളുമുള്ള സ്ഥലമാണ് കൈമാറ്റം ചെയ്തത്.
ഇവിടെയുണ്ടായിരുന്ന മരങ്ങളും മറ്റ് വിളകളും ഇനി കുടുംബങ്ങള്‍ക്കു സ്വന്തം. ഭൂമിയിൽ 13 സെന്‍റ് സ്ഥലവും നിലവിലുണ്ടായിരുന്ന കമ്മ്യൂണിറ്റി ഹാളും കുട്ടമ്പുഴ സെന്‍റ് മേരീസ് പള്ളിക്കായി വികാരി ഫാ. ജോസ് ചിരപ്പറമ്പിലിന് കൈമാറി. ആധാരം കൈമാറ്റ ചടങ്ങില്‍ കോതമംഗലം രൂപത വികാരി ജനറാൾ മോണ്‍. വിന്‍സന്‍റ് നെടുങ്ങാട്ട്, ധര്‍മ്മഗിരി സന്യാസിനി സമൂഹത്തിൻ്റെ ജനറൽ സുപ്പീരിയർ
മദര്‍ മെറീന, പ്രൊവിന്‍ഷ്യൽ സുപ്പീരിയര്‍ സിസ്റ്റര്‍ അഭയ, കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്‍റ് മേരി കുര്യാക്കോസ്,നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്‍റ് സനീറ നസീര്‍ തുടങ്ങിയവർ പങ്കെടുത്തു. താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും ധര്‍മ്മഗിരി സ്ഥാപനങ്ങളിലെ ജീവനക്കാരില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവർക്കാണ് സൗജന്യമായി ഭൂമി പകുത്ത് നൽകിയത്.



















































