കോതമംഗലം: സ്വച്ച് ഏവം ഹരിത വിദ്യാലയ പ്രോഗ്രാമിന്റെ ഭാഗമായി കോതമംഗലം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിലെ ജൂനിയർ റെഡ് ക്രോസ് സംഘടനയിലെ വിദ്യാർഥിനികൾ താലൂക്ക് ആശുപത്രിയിൽ ശുചീകരണ പ്രവർത്തനങ്ങൾക്കുള്ള ക്ലീനിങ് ഉൽപ്പന്നങ്ങൾ സൗജന്യമായി വിതരണം ചെയ്തു . ഹോസ്പിറ്റൽ പിആർഒ റാണി രാമകൃഷ്ണൻ , സ്റ്റോർ കീപ്പർ കെ.വി സുരേഷ് , നഴ്സിംഗ് സൂപ്രണ്ട് കെ.എ സല്‍മ എന്നിവർ വിദ്യാർത്ഥികളിൽ നിന്നും ഏറ്റുവാങ്ങി.
ഹെഡ്മിസ്ട്രസ് സിസ്റ്റർ റിനി മരിയ, ജെ ആർ സി കൗൺസിലർമാരായ ദീപ ജേക്കബ്, ഡെൻസി തോമസ്, ക്രിസ്റ്റി എലിസബത്ത് തോമസ്, പിടിഎ എക്സിക്യൂട്ടീവ്അംഗങ്ങളായ ജിജു തോമസ്,സാബു അഗസ്റ്റിൻ, ജോസ്മി ഷാലസ് എന്നിവർ നേതൃത്വം നൽകി. പിടിഎ വൈസ് പ്രസിഡണ്ട് സോണി മാത്യു ആണ് ക്ലീനിങ് ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നതിന് കുട്ടികൾക്ക് പരിശീലനം നൽകിയത്.
കുട്ടികളിൽ സേവനമനോഭാവവും, ശുചിത്വ ശീലങ്ങളും,സമൂഹത്തോടുള്ള ഉത്തരവാദിത്വവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനം നടത്തിയത്. ആശുപത്രി അധികൃതർ വിദ്യാർത്ഥികളുടെ സന്നദ്ധ പ്രവർത്തനത്തെ അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.



















































