തൊടുപുഴ: കലയുടെ വൈവിധ്യവും കൗമാരപ്രതിഭകളുടെ മികവും വിളിച്ചോതി പെരുമ്പിള്ളിച്ചിറ അല്‍ അസ്ഹര്‍ പബ്ലിക് സ്കൂളില്‍ നടന്ന സെന്‍ട്രല്‍ കേരള സഹോദയ സ്കൂള്‍ കലോത്സവം സര്‍ഗധ്വനി 2026ന് ശനിയാഴ്ച സമാപനം. കഴിഞ്ഞ രണ്ടു ദിവസമായി ദിവസമായി 16 വേദികളില്‍ അരങ്ങേറിയ കലാമത്സരങ്ങളില്‍ ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലെ 79 വിദ്യാലയങ്ങളില്‍നിന്നായി 5,000ത്തിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
നൃത്തച്ചുവടുകളും സംഗീതത്തിന്റെ മാധുര്യവും അഭിനയമികവും സര്‍ഗാത്മകതയുടെ വേറിട്ട ആവിഷ്കാരങ്ങളുമായി വിദ്യാര്‍ത്ഥികള്‍ വേദികള്‍ കീഴടക്കി. മത്സരവേദികളില്‍ മികവു തെളിയിക്കാനുള്ള വിദ്യാര്‍ത്ഥികളുടെ ആവേശവും കാണികളുടെ പിന്തുണയും അല്‍ അസ്ഹര്‍ ക്യാമ്പസിനെ കലോത്സവത്തിന്റെ ഉത്സവാന്തരീക്ഷത്തിലാക്കി. കലാരവം, മിഴിവ്, താരകം, ഉഷസ്, തേജസ്, തരംഗം, ഉണര്‍വ്, വസന്തം, സപ്തസ്വരം, തിലകം, മോഹനം, ഉല്ലാസം, ചിലമ്പ്, ചമയം, വിസ്മയം, ശോഭനം എന്നിങ്ങനെ പേരിട്ട 16 വേദികളിലായാണ് മത്സരങ്ങള്‍ നടന്നത്. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അധ്യാപകരും രക്ഷിതാക്കളും വിവിധ സ്കൂളുകളില്‍നിന്നുള്ള പ്രതിനിധികളും എത്തിയതോടെ ക്യാമ്പസ് വിദ്യാര്‍ത്ഥി പ്രതിഭകളുടെ സംഗമവേദിയായി. കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കാനും വിവിധ വിദ്യാലയങ്ങളിലെ പ്രതിഭകള്‍ക്ക് പരസ്പരം മാറ്റുരയ്ക്കാനുമുള്ള വേദിയായി സര്‍ഗധ്വനി മാറി. വൈവിധ്യമാര്‍ന്ന മത്സരങ്ങളിലൂടെ വിദ്യാര്‍ത്ഥികളുടെ കലാമികവും ആത്മവിശ്വാസവും പ്രകടമായപ്പോള്‍ കലോത്സവം പങ്കാളിത്തംകൊണ്ടും ആവേശംകൊണ്ടും ശ്രദ്ധേയമായി




















































