കോതമംഗലം: ക്രിസ്മസ്–പുതുവത്സര ആഘോഷങ്ങൾക്ക് നിറപ്പകിട്ടേകി കോതമംഗലത്ത് ഒരു മാസം നീളുന്ന ഗ്രാൻഡ് കാർണിവലിന് 5ന് തുടക്കമാകും. ജനുവരി 3 വരെ നീളുന്ന കാർണിവലിന്റെ ഉദ്ഘാടനം ഭൂതത്താൻകെട്ടിൽ മന്ത്രി പി.സി. വിഷ്ണുനാഥ് നിർവഹിക്കും. കോതമംഗലത്തിന്റെ വിനോദസഞ്ചാര സാധ്യതകൾ പ്രയോജനപ്പെടുത്തി മണ്ഡലത്തെ ശ്രദ്ധേയമായ ടൂറിസം കേന്ദ്രമായി ഉയർത്തുന്നതിനൊപ്പം ആഘോഷങ്ങളിലൂടെ പ്രാദേശിക വ്യാപാര-തൊഴിൽ മേഖലകൾക്ക് ഉണർവേകുകയുമാണ് ലക്ഷ്യമെന്ന് ഷിബു തെക്കുംപുറം എംഎൽഎ പറഞ്ഞു.
ഭൂതത്താൻകെട്ട് കേന്ദ്രീകരിച്ച് വിപുലമായ വിനോദ-കലാ-സാംസ്കാരിക പരിപാടികൾ കാർണിവലിന്റെ ഭാഗമായി സംഘടിപ്പിക്കും. ഡാമും പരിസരവും ദീപാലങ്കാരങ്ങളാൽ മനോഹരമാക്കും. ബോട്ടിങ്, കയാക്കിങ്, ഹെലികോപ്റ്റർ റൈഡ്, ലേസർ ഷോ തുടങ്ങിയ ആകർഷണങ്ങളും ഒരുക്കും. മിനി മാരത്തോൺ ഉൾപ്പെടെയുള്ള പരിപാടികൾ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കും. ഭൂതത്താൻകെട്ട് ഉദ്യാനത്തിന്റെ നവീകരണത്തിനും വിപുലീകരണത്തിനുമായി ടൂറിസം–ഇറിഗേഷൻ ഫണ്ടിൽ നിന്നും എംഎൽഎ ഫണ്ടിൽ നിന്നുമായി ഒരു കോടി രൂപ വിനിയോഗിക്കും.
കെഎസ്ആർടിസിയുമായി സഹകരിച്ച് -എക്സ്പ്ലോർ കോതമംഗലം പദ്ധതിയും കാർണിവലിന്റെ ഭാഗമായി നടപ്പാക്കും. മണ്ഡലത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ടൂറിസം സർക്യൂട്ട് പ്രഖ്യാപിക്കും. കോതമംഗലത്തിന്റെ പ്രകൃതിസൗന്ദര്യവും ചരിത്ര-സാംസ്കാരിക പൈതൃകവും വിനോദസഞ്ചാരികൾക്ക് പരിചയപ്പെടുത്തുന്നതിനും കൂടുതൽ സഞ്ചാരികളെ മണ്ഡലത്തിലേക്ക് എത്തിക്കുന്നതിനുമുള്ള പദ്ധതികൾക്കും ഇതിലൂടെ രൂപം നൽകും.ലഹരിക്കെതിരെ വിദ്യാർഥികളെയും യുവജനങ്ങളെയും അണിനിരത്തി സംഘടിപ്പിക്കുന്ന ‘തൂഫാൻ ഹണ്ട്’ ക്യാമ്പയിനും കോതമംഗലത്ത് 26ന് തുടക്കമാകും. രാവിലെ 11.30 ന് കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ നടക്കുന്ന പരിപാടി മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
ഷിബു തെക്കുംപുറം എംഎൽഎയുടെ അധ്യക്ഷതയിൽ എംഎൽഎ ഓഫീസിൽ ചേർന്ന യോഗത്തിലാണ് കാർണിവലുമായി ബന്ധപ്പെട്ട പരിപാടികൾക്ക് രൂപം നൽകിയത്. ജില്ലാ കളക്ടർ ജി. പ്രിയങ്ക നേരത്തെ മുന്നൊരുക്കങ്ങൾ വിലയിരുത്താനെത്തിയിരുന്നു. വിവിധ വകുപ്പുകളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും സഹകരണത്തോടെ ആഘോഷ പരിപാടികൾ ഏകോപിപ്പിക്കും.
യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു, ജില്ലാ പഞ്ചായത്ത് അംഗം ജോമി തെക്കേക്കര, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജോയ് ജോസഫ്, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി. ജോർജ്ജ്കുട്ടി, മേരി കുര്യാക്കോസ്, ബിന്ദു ജോർജ്ജ്, സംഗീത പ്രതീഷ്, റീന ജോഷി, വൈസ് പ്രസിഡന്റുമാരായ പി എ യൂസഫ്, ബിനോയ് സി പുല്ലൻ, ലത ഷാജി തുടങ്ങിയവർ പങ്കെടുത്തു.



















































