കോതമംഗലം: കോവിഡ് കാലത്ത് നിര്‍ത്തിവെച്ച കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി കോതമംഗലം ഡിപ്പോയില്‍നിന്നുള്ള വിവിധ സര്‍വീസുകളുടെ ഉദ്ഘാടനം 21ന് നടക്കും. കവളങ്ങാട്, പല്ലാരിമംഗലം, വാരപ്പെട്ടി, കോട്ടപ്പടി, പിണ്ടിമന മേഖലകളിലേക്ക് സര്‍വീസുകള്‍ പുനരാരംഭിക്കാനാണ് തീരുമാനം. യാത്രക്കാരുടെ ദീര്‍ഘകാല ആവശ്യം പരിഗണിച്ചാണ് സര്‍വീസുകള്‍ പുനഃക്രമീകരിക്കുന്നത്.
ഷിബു തെക്കുംപുറം എംഎല്‍എയുടെ അധ്യക്ഷതയില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനില്‍ ചേര്‍ന്ന ട്രാന്‍സ്പോര്‍ട്ട് മാനേജ്മെന്റ് കമ്മിറ്റി യോഗത്തിലാണ് തീരുമാനമായത്. കോതമംഗലം ഡിപ്പോയില്‍നിന്ന് കൊല്ലൂര്മൂകാംബിക, വേളാങ്കണ്ണി, ബംഗളൂരു എന്നിവിടങ്ങളിലേക്ക് പുതിയ അന്തര്‍സംസ്ഥാന സര്‍വീസുകള്‍ ആരംഭിക്കണമെന്ന ആവശ്യവും യോഗം കെഎസ്ആര്‍ടിസി മാനേജ്മെന്റിന് മുന്നില്‍ ഉന്നയിച്ചു. ഈ മേഖലകളിലേക്കുള്ള യാത്രക്കാരുടെ ആവശ്യവും കോതമംഗലത്തിന്റെ പ്രാദേശിക പ്രാധാന്യവും പരിഗണിച്ച് സര്‍വീസുകള്‍ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
ഡിപ്പോയില്‍ പ്രവര്‍ത്തിച്ചിരുന്ന കെഎസ്ആര്‍ടിസി കൊറിയര്‍ ലോജിസ്റ്റിക്സ് കൗണ്ടര്‍ നിലവില്‍ അടഞ്ഞുകിടക്കുന്നതിനാല്‍ ഇത് ഉടന്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കോതമംഗലം ചെറിയപള്ളി പെരുന്നാളിനോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കൂടുതല്‍ സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തണമെന്ന എംഎല്‍എയുടെ നിര്‍ദേശവും യോഗം സ്വാഗതം ചെയ്തു. പെരുന്നാള്‍ ദിവസങ്ങളില്‍ ആവശ്യമായ അധിക സര്‍വീസുകള്‍ ക്രമീകരിക്കുന്നതിനും തീരുമാനമായി.
നഗരസഭ ചെയര്‍പേഴ്സണ്‍ ഭാനുമതി രാജു, വാര്‍ഡ് കൗണ്‍സിലര്‍ ഷിബു കുര്യാക്കോസ്, എംപിയുടെ പ്രതിനിധി, കെഎസ്ആര്‍ടിസി യൂണിറ്റ് ഓഫീസര്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, കെഎസ്ആര്‍ടിസി സിഎംഡി നിയോഗിച്ച ഉദ്യോഗസ്ഥന് എന്നിവര്‍ പങ്കെടുത്തു.



















































