കോതമംഗലം: നെല്ലിമറ്റം എംബിറ്റ്സ് എഞ്ചിനീയറിംഗ് കോളേജിൽ, യെസ്കാവ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ സഹകരണത്തോടെ സ്ഥാപിച്ച സെന്റർ ഫോർ ഡ്രോൺ, റോബോട്ടിക്സ് ആൻഡ് ഐഒടി ടെക്നോളജീസ് ഉത്ഘാടനം ചെയ്തു. കോളേജിലെ ഇലക്ട്രോണിക് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് ഡിപ്പാർട്മെന്റിന് കീഴിലാണ് യെസ്കാവ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ സി എസ് ആർ ഫണ്ട് ഉപയോഗിച്ച് സെന്റർ ആരംഭിച്ചിട്ടുള്ളത്.
യെസ്കാവ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രസിഡന്റും സി.ഇ.ഒയുമായ ഷൈലേന്ദ്ര സാൽവി ഉദ്ഘാടനം നിർവ്വഹിച്ചു. എംബിറ്റ്സ് ചെയർമാൻ ബേബി തോമസ് അധ്യക്ഷത വഹിച്ചു. യെസ്കാവ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സീനിയർ എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റ് തകാഷി കാറ്റോ മുഖ്യാതിഥിയായിരുന്നു.യസ്കാവ ഇന്ത്യയെ പ്രതിനിധീകരിച്ച് അർജുൻ ഗോപാൽ,ജി.രാജേഷ്, ബി. മഹേഷ് കുമാർ, കോളജ് സെക്രട്ടറി ബിനോയ് തോമസ്, ട്രഷറർ കെ. പി. ജോർജ്, ഡയറക്ടർ ഡോ. ഷാജൻ കുര്യാക്കോസ്, പ്രിൻസിപ്പൽ ഡോ. തോമസ് ജോർജ് , പ്രൊഫ. ജീന ജേക്കബ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് വിഭാഗം മേധാവി പ്രൊഫ. ഷെറിൻ തോമസ്, പ്രൊഫ. ഷൈനി പീറ്റർ എന്നിവർ പ്രസംഗിച്ചു.
ഡ്രോൺ സാങ്കേതികവിദ്യ, റോബോട്ടിക്സ്, എംബെഡഡ് സിസ്റ്റംസ്, ഇന്റർനെറ്റ് ഓഫ് തിങ്സ് , ഇൻഡസ്ട്രി 4.0 എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് വ്യവസായ നിലവാരത്തിലുള്ള പരിശീലനവും ഗവേഷണ സൗകര്യങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്.
വ്യവസായ-അക്കാദമിക് സഹകരണം ശക്തിപ്പെടുത്തുന്നതിനും വിദ്യാർത്ഥികളുടെ സാങ്കേതിക നൈപുണ്യ വികസനം, നവീകരണം, സ്റ്റാർട്ടപ്പ് സംരംഭങ്ങൾ, തൊഴിൽസാധ്യതകൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും ഈ കേന്ദ്രം സഹായകമാകുമെന്ന് അധികൃതർ അറിയിച്ചു.



















































