കോതമംഗലം: നഗരസഭക്ക് 50 കോടിയുടെ 369 പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചു. ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മാണത്തിന് 6 കോടിയുടെയും, കളിസ്ഥലം വാങ്ങുന്നതിന് 2.8 കോടിയുടേയും, നഗരസഭാ ഓഫീസ് നവീകരണത്തിന് 2.1 കോടിയുടേയും, ടൌണ്‍ ഹാള്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സ്ഥലം കെട്ടിയെടുക്കുന്നതിന് 2.2 കോടിയും, അര്‍ബന്‍ വെല്‍നസ് സെന്ററിന് സ്ഥലം വാങ്ങുന്നതിനായി 42 ലക്ഷം രൂപയുടേയും പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും ജല സംരക്ഷണത്തിനുമായി ഏറ്റെടുത്തിട്ടുള്ള 9 കോടി രൂപയുടെ പദ്ധതികളും, റോഡുകളുടെ നവീകരണത്തിനുള്ള 7 കോടി രൂപയുടെ പദ്ധതികളും, മാലിന്യ സംസ്കരണത്തിനായി 4.8 കോടിയുടെ പദ്ധതികളും, ആരോഗ്യ മേഖലയിലുള്പ്പെടുത്തിയിട്ടുള്ള 3.1 കോടി രൂപയുടെ പദ്ധതികളും, വിദ്യാഭ്യാസ മേഖലക്ക് 1.3 കോടി രൂപയ്ക്കുള്ള പദ്ധതികളും ജില്ലാ ആസൂത്രണസമിതി അംഗീകാരം നല്‍കിയതിൽ ഉള്‍പ്പെടുന്നു. ധനവിനിയോഗത്തിൽ വിവേചനമില്ലാത്തവിധം എല്ലാ വാർഡുകളെയും ജനവിഭാഗങ്ങളെയും പരിഗണിച്ച് നഗരത്തിന്റെ സമഗ്ര വികസനത്തിന് ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതികളാണ് ഏറ്റെടുത്തിട്ടുള്ളതെന്നു നഗരസഭ ചെയർപേഴ്സൺ ഭാനുമതി രാജു, വൈസ് ചെയർപേഴ്സൺ പ്രിൻസ് വർക്കി എന്നിവർ അറിയിച്ചു.






















































